P. O. C ബൈബിള്‍
പഴയ നിയമം
ബാറൂക്ക്
അദ്ധ്യായം 4
1 : ദൈവകല്പനകളുടെ പുസ്തകവും ശാശ്വതമായ നിയമവും അവളാണ്. അവളോടു ചേര്‍ന്നു നില്ക്കുന്നവന് ജീവിക്കും. അവളെ ഉപേക്ഷിക്കുന്നവന്‍മരിക്കും.
2 : യാക്കോബേ, മടങ്ങിവന്ന് അവളെ സ്വീകരിക്കുക. അവളുടെ പ്രകാശത്തിന്റെ പ്രഭയിലേക്കു നടക്കുക.
3 : നിന്റെ മഹത്വം അന്യനോ നിന്റെ പ്രത്യേക അവകാശം വിദേശിക്കോ കൊടുക്കരുത്. ഇസ്രയേലേ, നമ്മള് സന്തുഷ്ടരാണ്.
4 : എന്തെന്നാല്‍, ദൈവത്തിനു പ്രീതികരമായവ എന്തെന്നു നമുക്ക് അറിയാം.
5 : ഇസ്രായേലിന്റെ സ്മാരകമേ, എന്റെ ജനമേ, ധൈര്യമായിരിക്കുക.
6 : നിങ്ങളെ ജനതകള്‍ക്കു വിറ്റതു നശിപ്പിക്കാനായിരുന്നില്ല. ദൈവത്തെ കോപിപ്പിച്ചതിനാലാണ് നിങ്ങളെ ശത്രുകരങ്ങളില്‍ ഏല്പിച്ചത്.
7 : ദൈവത്തിനു പകരം പിശാചുകള്‍ക്കു ബലിയര്‍പ്പിച്ചുകൊണ്ട് നിങ്ങളുടെ സ്രഷ്ടാവിനെ നിങ്ങള്‍ പ്രകോപിപ്പിച്ചു.
8 : നിങ്ങളെ പരിപാലിച്ച നിത്യനായ ദൈവത്തെനിങ്ങള്‍ വിസ്മരിച്ചു. നിങ്ങളെ പോറ്റിയ ജറുസലെമിനെ നിങ്ങള്‍വേദനയിലാഴ്ത്തി.
9 : ദൈവത്തില്‍ നിന്നു നിങ്ങളുടെ മേല്‍ നിപതിച്ച ക്രോധം കണ്ട് അവള് പറഞ്ഞു: സീയോന്റെ അയല്‍വാസികളേ, ശ്രവിക്കുവിന്‍. ദൈവം എനിക്കു വലിയ സങ്കടം വരുത്തിയിരിക്കുന്നു.
10 : നിത്യനായ വന്‍ എന്റെ പുത്രന്മാരുടെയും പുത്രിമാരുടെയും മേല്‍ വരുത്തിയ അടിമത്തം ഞാന്‍ കണ്ടു.
11 : സന്തോഷത്തോടെ ഞാന്‍ അവരെ വളര്‍ത്തി. എന്നാല്‍ ദുഃഖത്തോടും വിലാപത്തോടും കൂടെ ഞാന്‍ അവരെ പറഞ്ഞയച്ചു.
12 : അനേകം മക്കള്‍ നഷ്ടപ്പെട്ട വിധവയായ എന്നെക്കുറിച്ച് ആരും സന്തോഷിക്കാതിരിക്കട്ടെ. എന്റെ മക്കളുടെ പാപങ്ങള്‍ നിമിത്തം ഞാന്‍ ഏകാകിനിയായിത്തീര്‍ന്നു; അവര്‍ ദൈവത്തിന്റെ നിയമത്തില്‍ നിന്നു വ്യതിചലിച്ചു.
13 : അവിടുത്തെനിയമങ്ങളെ അവര്‍ ആദരിച്ചില്ല. ദൈവകല്പനകളുടെ മാര്‍ഗത്തില്‍ അവര്‍ ചരിച്ചില്ല. അവിടുത്തെനീതിയുടെ ശിക്ഷണത്തിന്റെ പാത അവര്‍ പിന്‍ചെന്നില്ല.
14 : സീയോന്റെ അയല്‍ക്കാര്‍ വന്ന് എന്റെ പുത്രന്മാരുടെ മേലും പുത്രിമാരുടെ മേലും നിത്യനായവന് വരുത്തിയ അടിമത്തം കാണട്ടെ.
15 : അവിടുന്ന് അവര്‍ക്കെതിരേ വിദേശത്തു നിന്ന് ഒരു ജനതയെ, നിര്‍ലജ്ജരും, അന്യഭാഷ സംസാരിക്കുന്നവരും വൃദ്ധന്മാരോടു ബഹുമാനമോ ശിശുക്കളോടു കരുണയോ ഇല്ലാത്തവരുമായ ജനതയെ, കൊണ്ടുവന്നു.
16 : വിധവയുടെ പ്രിയപുത്രന്മാരെ അവര്‍ പിടിച്ചുകൊണ്ടുപോയി. പുത്രിമാരെ അപഹരിച്ച് എന്നെ ഏകാകിനിയാക്കി.
17 : നിങ്ങളെ സഹായിക്കാന്‍ എനിക്ക് എങ്ങനെ കഴിയും?
18 : നിങ്ങളുടെ മേല്‍ ഈ നാശം വരുത്തിയവന് തന്നെ നിങ്ങളെ ശത്രുക്കളില്‍ നിന്നു മോചിപ്പിക്കട്ടെ. എന്റെ മക്കളേ, പോകുവിന്‍.
19 : ഞാന്‍ ഏകാന്തതയില്‍ ഉപേക്ഷിക്കപ്പെട്ടിരിക്കുന്നു.
20 : ഞാന്‍ സമാധാനത്തിന്റെ അങ്കി മാറ്റിയാചനയുടെ ചാക്കുടുത്തു. ജീവിതകാലം മുഴുവന്‍ ഞാന്‍ നിത്യനായവനോടു നിലവിളിക്കും.
21 : എന്റെ മക്കളേ, ധൈര്യമായിരിക്കുവിന്‍. ദൈവത്തെ വിളിച്ചപേക്ഷിക്കുവിന്‍. ശത്രുകരങ്ങളില്‍നിന്നും അവരുടെ ശക്തിയില്‍നിന്നും അവിടുന്ന് നിങ്ങളെ മോചിപ്പിക്കും.
22 : നിങ്ങളെ രക്ഷിക്കുമെന്ന പ്രത്യാശ ഞാന്‍ നിത്യനായവനില്‍ അര്‍പ്പിച്ചിരിക്കുന്നു. പരിശുദ്ധനായവനില്‍ നിന്ന് എനിക്ക് ആനന്ദം കൈവന്നിരിക്കുന്നു, എന്തെന്നാല്‍, നിങ്ങളുടെ നിത്യരക്ഷകനില്‍ നിന്നു നിങ്ങള്‍ക്ക് ഉടന്‍ കാരുണ്യം ലഭിക്കും.
23 : ഞാന്‍ നിങ്ങളെ ദുഃഖത്തോടും വിലാപത്തോടും കൂടെ അയച്ചു. ആഹ്ലാദത്തോടും സന്തോഷത്തോടും കൂടെ എനിക്കു നിങ്ങളെ ദൈവം എന്നേക്കുമായി തിരികെ നല്‍കും.
24 : സീയോന്റെ അയല്‍ക്കാര്‍ നിങ്ങളുടെ അടിമത്തം ഇപ്പോള്‍ കണ്ടതുപോലെതന്നെ ദൈവം നിങ്ങള്‍ക്കു നല്കുന്ന രക്ഷ അവര്‍ ഉടന്‍ കാണും. മഹാപ്രതാപത്തോടും, നിത്യനായവന്റെ തേജസ്സോടും കൂടെ അതു നിങ്ങള്‍ക്കു ലഭിക്കും.
25 : എന്റെ മക്കളേ, ദൈവത്തില്‍ നിന്നു നിങ്ങളുടെമേല്‍ വന്ന ക്രോധം ക്ഷമാപൂര്‍വം സഹിക്കുവിന്‍. നിങ്ങളുടെ ശത്രു നിങ്ങളെ കീഴ്പ്പെടുത്തിയിരിക്കുന്നു. എന്നാല്‍ അവരുടെ നാശം നിങ്ങള്‍ ഉടന്‍ കാണും. അവരുടെ കഴുത്ത് നിങ്ങള്‍ ചവിട്ടിമെതിക്കും.
26 : എന്റെ പിഞ്ചോമനകള്‍ പരുപരുത്ത പാതയിലൂടെ സഞ്ചരിച്ചു; ആട്ടിന്‍കൂട്ടത്തെയെന്നപോലെ ശത്രുക്കള്‍ അവരെ അപഹരിച്ചു.
27 : എന്റെ മക്കളേ, ധൈര്യമായിരിക്കുവിന്‍. ദൈവത്തെ വിളിച്ചപേക്ഷിക്കുവിന്‍. ഇതു നിങ്ങളുടെ മേല്‍ വരുത്തിയ അവിടുന്ന് നിങ്ങളെ സ്മരിക്കും.
28 : ദൈവത്തില്‍ നിന്ന് അകലാന്‍ കാണിച്ചതിന്റെ പത്തിരട്ടി തീക്ഷ്ണതയോടെ തിരിച്ചുവന്ന് അവിടുത്തെ തേടുവിന്‍.
29 : എന്തെന്നാല്‍, നിങ്ങളുടെമേല്‍ ഈ അനര്‍ഥങ്ങള്‍ വരുത്തിയവന് തന്നെ നിങ്ങള്‍ക്കു രക്ഷയും നിത്യാനന്ദവും നല്‍കും.
30 : ജറുസലെമേ, ധൈര്യമായിരിക്കുക. നിനക്കു പേരിട്ടവന് തന്നെ നിനക്ക് ആശ്വാസ മരുളും.
31 : നിന്നെ പീഡിപ്പിച്ചവനും നിന്റെ വീഴ്ചയില്‍ സന്തോഷിച്ചവനും ദുരിതമനുഭവിക്കും.
32 : നിന്റെ മക്കളെ അടിമകളാക്കിയ പട്ടണങ്ങള്‍ ദുരിതമനുഭവിക്കും. നിന്റെ പുത്രന്മാരെ വാങ്ങിയ നഗരവും
33 : നിന്റെ പതനത്തില്‍ സന്തോഷിക്കുകയും നിന്റെ നാശത്തില്‍ ആഹ്ലാദിക്കുകയും ചെയ്തതുപോലെ അവള് സ്വന്തം നാശത്തില്‍ ദുഃഖിക്കും.
34 : ജനത്തിന്റെ ബാഹുല്യത്തില്‍ അവള്‍ക്കുള്ള അഹങ്കാരം ഞാന്‍ ഇല്ലാതാക്കും. അവളുടെ ഗര്‍വിനെ സന്താപമാക്കിത്തീര്‍ക്കും.
35 : നിത്യനായവനില്‍ നിന്ന് അവളുടെമേല്‍ വളരെക്കാലത്തേക്ക് അഗ്നിയിറങ്ങും. ദീര്‍ഘകാലത്തേക്കു പിശാചുക്കള്‍ അവളില്‍ വസിക്കും.
36 : ജറുസലെമേ, കിഴക്കോട്ടു നോക്കുക. ദൈവത്തില്‍നിന്നു നിനക്കു ലഭിക്കുന്ന ആനന്ദം കണ്ടാലും.
37 : ഇതാ, നീ പറഞ്ഞയച്ച നിന്റെ സന്തതികള്‍ വരുന്നു. പരിശുദ്ധനായവന്റെ കല്പനയനുസരിച്ച് കിഴക്കുനിന്നും പടിഞ്ഞാറുനിന്നും ശേഖരിക്കപ്പെട്ട അവര്‍ ദൈവമഹത്വത്തില് ആനന്ദിച്ചുകൊണ്ടു ഇതാ വരുന്നു.