P. O. C ബൈബിള്‍
പഴയ നിയമം
സംഖ്യ
അദ്ധ്യായം 15
കര്‍ത്താവിനുള്ള കാഴ്ചകള്‍1 : കര്‍ത്താവ് മോശയോട് അരുളിച്ചെയ്തു:
2 : ഇസ്രായേല്‍ ജനത്തോടു പറയുക,
3 : നിങ്ങള്‍ക്ക് അധിവസിക്കാന്‍ ഞാന്‍ തരുന്നദേശത്തു നേര്ച്ചയോ സ്വാഭീഷ്ടക്കാഴ്ചയോ നിര്‍ദിഷ്ടമായ തിരുനാളുകളില്‍ അര്ച്ചനയോ ആയി, കര്‍ത്താവിന്റെ മുമ്പില്‍ പരിമളം പരത്തുന്നതിനു കന്നുകാലികളില്‍ നിന്നോ ആട്ടിന്പറ്റത്തില് നിന്നോ ദഹനബലിയോ മറ്റു ബലികളോ നിങ്ങള്‍ അര്‍പ്പിക്കുമ്പോള്‍,
4 : വഴിപാടു കൊണ്ടുവരുന്ന ആള് നാലിലൊന്നു ഹിന് എണ്ണ ചേര്‍ത്ത പത്തിലൊന്ന് എഫാ നേരിയ മാവു ധാന്യബലിയായി കൊണ്ടുവരണം.
5 : ദഹനബലിയോടും മറ്റു ബലികളോടുമൊപ്പം അര്‍പ്പിക്കേണ്ട ബലിക്ക് ആട്ടിന്‍കുട്ടി ഒന്നിനു നാലിലൊന്നു ഹിന് വീഞ്ഞു വീതം തയ്യാറാക്കണം.
6 : മുട്ടാടാണെങ്കില്‍ പത്തില്‍ രണ്ട് എഫാ നേരിയ മാവില്‍ മൂന്നിലൊന്നു ഹിന് എണ്ണ ചേര്‍ത്തു ധാന്യബലി തയ്യാറാക്കണം.
7 : പാനീയബലിക്കു മൂന്നിലൊന്നു ഹിന് വീഞ്ഞു സൗരഭ്യമായി കര്ത്താവിന് അര്‍പ്പിക്കണം.
8 : കര്‍ത്താവിനു നേര്ച്ചയോ സമാധാന ബലിയോ സമര്‍പ്പിക്കാനായി ഒരു കാളയെ ദഹനബലിയോ മറ്റു ബലിയോ ആയി ഒരുക്കുമ്പോള്‍
9 : അര ഹിന് എണ്ണ ചേര്‍ത്ത, പത്തില്‍ മൂന്ന് എഫാ നേരിയ മാവു ധാന്യ ബലിയായി അര്‍പ്പിക്കണം.
10 : ദഹനബലിയോടൊപ്പം കര്‍ത്താവിന്റെ മുമ്പില്‍ പരിമളം പരത്താനായി അര ഹിന് വീഞ്ഞു പാനീയബലിയായും അര്‍പ്പിക്കണം.
11 : കാളക്കുട്ടി, മുട്ടാട്, ആട്ടിന്‍കുട്ടി, കോലാട്ടിന്‍കുട്ടി ഇവയിലേതായാലും ഇപ്രകാരംതന്നെ ചെയ്യണം.
12 : അര്‍പ്പിക്കുന്ന ബലിമൃഗങ്ങളുടെ എണ്ണമനുസരിച്ച് ഓരോന്നിനും ഇങ്ങനെ ചെയ്യണം.
13 : സ്വദേശികള്‍ കര്‍ത്താവിനു സുഗന്ധവാഹിയായ ദഹനബലി അര്‍പ്പിക്കുമ്പോള്‍ ഇങ്ങനെതന്നെ അനുഷ്ഠിക്കണം.
14 : തത്കാലത്തേക്കു നിങ്ങളുടെ കൂടെ താമസിക്കുന്ന പരദേശിയോ നിങ്ങളുടെ ഇടയില്‍ സ്ഥിരതാമസമാക്കിയ ഒരുവനോ കര്‍ത്താവിനു സുഗന്ധവാഹിയായ ദഹനബലി അര്‍പ്പിക്കാന്‍ ആഗ്രഹിക്കുന്നെങ്കില്‍ നിങ്ങള്‍ ചെയ്യുന്നതുപോലെതന്നെ അവനും ചെയ്യണം.
15 : സമൂഹത്തിനു മുഴുവന്‍, നിങ്ങള്‍ക്കും നിങ്ങളോടുകൂടെ വസിക്കുന്ന പരദേശികള്‍ക്കും എക്കാലവും ഒരേ നിയമം ആയിരിക്കും. നിങ്ങളും പരദേശികളും, കര്‍ത്താവിന്റെ മുമ്പില്‍ ഒന്നുപോലെതന്നെ.
16 : നിങ്ങള്‍ക്കും നിങ്ങളോടുകൂടെ വസിക്കുന്ന പരദേശികള്‍ക്കും ഒരേ നിയമവും ചട്ടവും ആയിരിക്കണം.
17 : കര്‍ത്താവ് മോശയോട് അരുളിച്ചെയ്തു:
18 : ഇസ്രായേല്‍ ജനത്തോടു പറയുക: ഞാന്‍ കൊണ്ടുപോകുന്ന നാട്ടില്‍ എത്തിക്കഴിഞ്ഞ്
19 : അവിടെ നിന്ന് ആഹാരം കഴിക്കുമ്പോള്‍ നിങ്ങള്‍ കര്‍ത്താവിനു കാഴ്ചയര്‍പ്പിക്കണം.
20 : ആദ്യം കുഴയ്ക്കുന്ന മാവുകൊണ്ട് ഒരപ്പം ഉണ്ടാക്കി കര്‍ത്താവിനു കാഴ്ചയായി സമര്‍പ്പിക്കണം. മെതിക്കളത്തില്‍ നിന്നുള്ള സമര്‍പ്പണം പോലെ അതും നീരാജനം ചെയ്യണം.
21 : ആദ്യം കുഴയ്ക്കുന്ന മാവില്‍നിന്നു തലമുറ തോറും നിങ്ങള്‍ കര്‍ത്താവിനു കാഴ്ച സമര്‍പ്പിക്കണം.
22 : കര്‍ത്താവ് മോശ വഴി നല്കിയ കല്പനയ്ക്കെതിരായി അന്നുമുതല്‍
23 : നിങ്ങളും നിങ്ങളുടെ സന്താനങ്ങളും
24 : സമൂഹത്തിന്റെ ശ്രദ്ധയില്‍ പെടാതെ അബദ്ധവശാല്‍ തെറ്റു ചെയ്യാന്‍ ഇടയായാല്‍, സമൂഹം മുഴുവനും കൂടി ഒരു കാളക്കുട്ടിയെ കര്‍ത്താവിനു സുഗന്ധവാഹിയായ ദഹനബലിയായി അര്‍പ്പിക്കണം. അതോടൊപ്പം വിധിപ്രകാരം ധാന്യബലിയും പാനീയബലിയും അര്‍പ്പിക്കണം. പാപപരിഹാരബലിയായി ഒരു മുട്ടാടിനെയും അര്‍പ്പിക്കണം.
25 : പുരോഹിതന് ഇസ്രായേല്‍ സമൂഹം മുഴുവനും വേണ്ടി പരിഹാരം ചെയ്യണം. അപ്പോള്‍ അവര്‍ക്കു മോചനം ലഭിക്കും. കാരണം, അബദ്ധത്തില്‍ പിണഞ്ഞ തെറ്റാണത്. അതിന് അവര്‍ കര്‍ത്താവിനു ദഹന ബലിയും പാപപരിഹാര ബലിയും സമര്‍പ്പിച്ചു.
26 : ഇസ്രായേല്‍ സമൂഹത്തിനും അവരുടെ ഇടയിലെ വിദേശികള്‍ക്കും മോചനം ലഭിക്കും; ജനങ്ങളെല്ലാം തെറ്റില്‍ ആയിരുന്നല്ലോ.
27 : ഒരാള്‍ അറിയാതെ തെറ്റു ചെയ്തുപോയാല്‍ അവന് പാപപരിഹാരബലിയായി ഒരു വയസ്സുള്ള പെണ്ണാടിനെ കാഴ്ചവയ്ക്കണം.
28 : മനഃപൂര്‍വമല്ലാത്ത തെറ്റിനു പുരോഹിതന് കര്‍ത്തൃസന്നിധിയില്‍ പരിഹാരമനുഷ്ഠിക്കട്ടെ. അവനു മോചനം ലഭിക്കും.
29 : അറിയാതെ ചെയ്യുന്ന തെറ്റിന് ഇസ്രായേല്‍ക്കാരനും അവരുടെയിടയില്‍ വസിക്കുന്ന വിദേശിക്കും ഒരേ നിയമം തന്നെയാണ്.
30 : കരുതിക്കൂട്ടി തെറ്റു ചെയ്യുന്ന സ്വദേശിയും വിദേശിയും കര്‍ത്താവിനെ അധിക്ഷേപിക്കുന്നു. അവനെ ജനത്തില്‍ നിന്നു വിച്ഛേദിക്കണം.
31 : അവന് കര്‍ത്താവിന്റെ വചനത്തെ നിന്ദിക്കുകയും അവിടുത്തെ കല്പന ലംഘിക്കുകയും ചെയ്തതുകൊണ്ട് അവനെ തീര്‍ത്തും പുറന്തള്ളണം. സ്വന്തം അകൃത്യത്തിന്റെ ഫലം അവന് അനുഭവിക്കണം.
32 : ഇസ്രായേല്‍ ജനം മരുഭൂമിയില്‍ കഴിഞ്ഞിരുന്ന കാലത്ത് ഒരാള്‍ സാബത്തു നാളില്‍ വിറകു ശേഖരിച്ചു.
33 : അതു കണ്ടവര്‍ അവനെ സമൂഹത്തിന്റെ മുമ്പില്‍ മോശയുടെയും അഹറോന്റെയും അടുത്തു കൊണ്ടുവന്നു.
34 : എന്തുചെയ്യണമെന്നു വ്യക്തമാകാതിരുന്നതുമൂലം അവര്‍ അവനെ തടവില്‍ വച്ചു.
35 : അപ്പോള്‍ കര്‍ത്താവു മോശയോട് അരുളിച്ചെയ്തു: ആ മനുഷ്യന് വധിക്കപ്പെടണം. പാളയത്തിനു പുറത്തുവച്ച് ജനം ഒന്നു ചേര്‍ന്ന് അവനെ കല്ലെറിയട്ടെ.
36 : കര്‍ത്താവു കല്പിച്ചതു പോലെ ജനം പാളയത്തിനു വെളിയില്‍വച്ച് അവനെ കല്ലെറിഞ്ഞു കൊന്നു.
37 : കര്‍ത്താവു മോശയോട് അരുളിച്ചെയ്തു:
38 : എക്കാലവും തങ്ങളുടെ വസ്ത്രത്തിന്റെ വിളുമ്പുകളില്‍ തൊങ്ങലുകള് പിടിപ്പിക്കാനും തൊങ്ങലുകളില്‍ നീല നാടകള്‍ കെട്ടാനും ഇസ്രായേല്യരോടു കല്പിക്കുക.
39 : ഹൃദയത്തിന്റെയും കണ്ണുകളുടെയും ചായ്വനുസരിച്ചു യഥേഷ്ടം ചരിക്കാനുള്ള നിങ്ങളുടെ പ്രവണതയെ പിഞ്ചെല്ലാതെ കര്‍ത്താവിന്റെ കല്പനകളെല്ലാം ഓര്‍ത്തു പാലിക്കുന്നതിന് ഈ തൊങ്ങലുകള് അടയാളമായിരിക്കും.
40 : അങ്ങനെ നിങ്ങള്‍ എന്റെ കല്പനകള് ഓര്‍ത്ത് അനുഷ്ഠിക്കുകയും നിങ്ങളുടെ ദൈവത്തിന്റെ മുമ്പില്‍ വിശുദ്ധരായിരിക്കുകയും വേണം.
41 : നിങ്ങളുടെ ദൈവമായിരിക്കേണ്ടതിനു നിങ്ങളെ ഈജിപ്തില്‍നിന്നു കൊണ്ടുവന്ന നിങ്ങളുടെ ദൈവമായ കര്‍ത്താവാണു ഞാന്‍. ഞാനാണു നിങ്ങളുടെ ദൈവമായ കര്‍ത്താവ്.