'പൗലോസിന്റെ ലേഖനങ്ങള്‍ക്കു പുറമേ ഏഴു ചെറിയ ലേഖനങ്ങള്‍കൂടി പുതിയ നിയമത്തിലുണ്ട്. ഏതെങ്കിലും ഒരു പ്രത്യേക ക്രൈസ്ത സമൂഹത്തിനു മാത്രമായല്ല, സഭയ്ക്കു മുഴുവനുംവേണ്ടി എഴുതപ്പെട്ടവയാണ് ഈ ലേഖനങ്ങള്‍. ഇക്കാരണത്താല്‍ ഇവ കാതോലികാ ലേഖനങ്ങള്‍ എന്ന പേരില്‍ അറിയപ്പെടുന്നു. യോഹന്നാന്റെ ലേഖനങ്ങള്‍ യോഹന്നാന്‍ എഴുതിയതെന്ന് ആദ്യകാലംമുതലേ പൊതുവില്‍ വിശ്വസിച്ചുപോരുന്ന മൂന്നു ലേഖനങ്ങളില്‍ രണ്ടാമത്തെയും മൂന്നാമത്തെയും ലേഖനങ്ങളുടെയഥാര്‍ത്ഥ കര്‍ത്താവാരെന്നതിനെക്കുറിച്ച് രണ്ടാം നൂറ്റാണ്ടുമുതല്‍ വളരെക്കാലത്തേക്ക് സംശയമുണ്ടായിരുന്നു. എങ്കിലും, മൂന്നു ലേഖനങ്ങളിലെയും പദപ്രയോഗങ്ങളും ശൈലിയും ആശയങ്ങളും ഏറെക്കുറെ ഐക്യരൂപമുള്ളവയാകയാലും, യോഹന്നാന്റെ സുവിശേഷവുമായി വളരെ ബന്ധപ്പെട്ടവയാകയാലും, മൂന്നും യോഹന്നാന്റേതായിത്തന്നെ അറിയപ്പെടുന്നു. മൂന്നാം ലേഖനം യോഹന്നാന്റെ ലേഖനങ്ങളില്‍ ആദ്യം രചിക്കപ്പെട്ടതായിരിക്കണം ഇത്. യോഹന്നാന്റെ അധികാര പരിധിയില്‍പ്പെട്ടിരുന്ന ഒരു സഭയില്‍ അദ്ദേഹത്തിന്റെ അധികാരത്തെ അംഗീകരിച്ചിരുന്നവരും അതിനെ ചോദ്യംചെയ്തുകൊണ്ടെന്നോണം അദ്ദേഹം അയച്ച പ്രതിനിധികളെ സ്വീകരിക്കാന്‍ തയ്യാറാകാത്ത പ്രാദേശിക സഭാധിപനും ഉണ്ടായിരുന്ന പരിതഃസ്ഥിതിയില്‍ സഭാഭരണ സംബന്ധമായ പ്രസ്തുത തര്‍ക്കം തീര്‍ക്കുന്നതിനുവേണ്ടിയാണ് യോഹന്നാന്‍ ഈ ലേഖനം എഴുതിയത്. '