'പൗലോസിന്റെ ലേഖനങ്ങള്‍ക്കു പുറമേ ഏഴു ചെറിയ ലേഖനങ്ങള്‍കൂടി പുതിയ നിയമത്തിലുണ്ട്. ഏതെങ്കിലും ഒരു പ്രത്യേക ക്രൈസ്ത സമൂഹത്തിനു മാത്രമായല്ല, സഭയ്ക്കു മുഴുവനുംവേണ്ടി എഴുതപ്പെട്ടവയാണ് ഈ ലേഖനങ്ങള്‍. ഇക്കാരണത്താല്‍ ഇവ കാതോലികാ ലേഖനങ്ങള്‍ എന്ന പേരില്‍ അറിയപ്പെടുന്നു. യോഹന്നാന്റെ ലേഖനങ്ങള്‍ യോഹന്നാന്‍ എഴുതിയതെന്ന് ആദ്യകാലംമുതലേ പൊതുവില്‍ വിശ്വസിച്ചുപോരുന്ന മൂന്നു ലേഖനങ്ങളില്‍ രണ്ടാമത്തെയും മൂന്നാമത്തെയും ലേഖനങ്ങളുടെയഥാര്‍ത്ഥ കര്‍ത്താവാരെന്നതിനെക്കുറിച്ച് രണ്ടാം നൂറ്റാണ്ടുമുതല്‍ വളരെക്കാലത്തേക്ക് സംശയമുണ്ടായിരുന്നു. എങ്കിലും, മൂന്നു ലേഖനങ്ങളിലെയും പദപ്രയോഗങ്ങളും ശൈലിയും ആശയങ്ങളും ഏറെക്കുറെ ഐക്യരൂപമുള്ളവയാകയാലും, യോഹന്നാന്റെ സുവിശേഷവുമായി വളരെ ബന്ധപ്പെട്ടവയാകയാലും, മൂന്നും യോഹന്നാന്റേതായിത്തന്നെ അറിയപ്പെടുന്നു. രണ്ടാം ലേഖനം ക്രിസ്തുവിന്റെ മനുഷ്യാവതാരത്തിന്റെ വാസ്തവികതയെ ചോദ്യം ചെയ്തവര്‍ക്കുള്ള മറുപടിയാണ് ഈ ലേഖനം. മനുഷ്യാവതാരത്തില്‍ വിശ്വസിച്ച് യേശുവിനെ സ്വീകരിക്കാനും അവിടുത്തെ പ്രബോധനങ്ങള്‍ക്ക്, പ്രത്യേകിച്ചും സ്‌നേഹത്തിന്റെ പുതിയ കല്പനയ്ക്ക്, അനുസൃതമായി ജീവിതത്തെ ക്രമപ്പെടുത്തുന്നതിനുമുള്ള ആഹ്വാനമാണ് യോഹന്നാന്‍ ഈ ലേഖനത്തിലൂടെ നല്‍കുന്നത്. '