പൗലോസ് തന്റെ ലേഖനങ്ങളില്‍ പ്രാധാന്യംകല്‍പിക്കുന്ന ആശയങ്ങള്‍ ഈ ലേഖനത്തിലും ഉടനീളം കാണാമെങ്കിലും ഭാഷ, ശൈലി, വിഷയാവതരണരീതി, ദൈവശാസ്ത്രവീക്ഷണം എന്നിവ പരിഗണിക്കുമ്പോള്‍ ലേഖനകര്‍ത്താവ് പൗലോസല്ല, അദ്‌ദേഹത്തിന്റെ ശിഷ്യന്‍മാരില്‍ ഒരാളാണ് എന്ന നിഗമനത്തിലത്രേ പണ്ഡിതന്‍മാര്‍ പൊതുവേ എത്തിച്ചേരുന്നത്. എ. ഡി. 67വനും 70വനും മധ്യേ രചിക്കപ്പെട്ടതാവണം ഈ ലേഖനം. കാരണം, ജറുസലെം നശിപ്പിക്കപ്പെട്ടിട്ടില്ല എന്നതിനും, എന്നാല്‍യൂദയായില്‍ അസ്വസ്ഥതകള്‍ ആരംഭിച്ചുകഴിഞ്ഞു എന്നതിനും ലേഖനത്തില്‍ത്തന്നെ സൂചനകളുണ്ട്. യഹൂദരില്‍നിന്നു പീഡനങ്ങളനുഭവിച്ചിരുന്ന ക്രിസ്ത്യാനികള്‍ വിശ്വാസത്തില്‍ ഉറച്ചുനില്ക്കണമെന്ന് ഉപദേശിക്കുകയാണ് ലേഖനത്തിന്റെ മുഖ്യോദ്‌ദേശം (6, 11വ12; 12, 7വ13; 13, 3). യഹൂദക്രിസ്ത്യാനികളെ ഉദ്‌ദേശിച്ചാണോ, അതോ, വിജാതീയക്രിസ്ത്യാനികളെ ഉദ്‌ദേശിച്ചാണോ ഇതെഴുതപ്പെട്ടത് എന്ന കാര്യം ഇന്നും വിവാദവിഷയമാണ്; ആദ്യത്തെതായിരിക്കാനാണ് കൂടുതല്‍ സാധ്യത. ലേഖനത്തിലെ പ്രതിപാദനങ്ങള്‍ മിക്കവാറും പഴയനിയമത്തിലെ ചിന്താഗതികളെ ആധാരമാക്കിയുള്ളതാണ്. പഴയനിയമത്തെക്കുറിച്ചു പൊതുവിലും, അതിലെ ബലികളെക്കുറിച്ചു പ്രത്യേകിച്ചും വായനക്കാര്‍ക്ക് അറിവുണ്ട് എന്നാണ് ലേഖനകര്‍ത്താവിന്റെ സങ്കല്‍പം. പഴയ നിയമത്തില്‍നിന്നുള്ള ഉദ്ധരണികളും അതിലെ സംഭവങ്ങളുടെ അനുസ്മരണങ്ങളും ഈ ലേഖനത്തില്‍ ധാരാളമായി കാണാം. യേശുക്രിസ്തുവിന്റെ മനുഷ്യാവതാരത്തിന്റെയും മഹത്വീകരണത്തിന്റെയും രഹസ്യങ്ങളെ പരാമര്‍ശിച്ചുകൊണ്ടാണ് ലേഖനം ആരംഭിക്കുന്നത്. (1, 1വ4). മാലാഖമാരെക്കാള്‍ ശ്രേഷ്ഠനും ദൈവവചനവുമായ ക്രിസ്തു, മനുഷ്യരക്ഷയ്ക്കായി, പാപമൊഴികെ എല്ലാറ്റിനും മനുഷ്യന്റേതിനു തുല്യമായ പ്രകൃതി സ്വീകരിച്ച്, മനുഷ്യനായി അവതരിച്ചു (1, 4വ2, 18). അവന്‍ മോശയെക്കാള്‍ ഉന്നതനാണ്. മോശ ദൈവഭവനത്തിലെ ശുശ്രൂഷകന്‍മാത്രം; യേശുവാകട്ടെ, ദൈവഭവനത്തിന്‍മേല്‍ കര്‍ത്താവ് (3, 1-6,20). അവനില്‍ നമുക്കു ശ്രേഷ്ഠനായൊരു നിത്യപുരോഹിതനെ ലഭിച്ചിരിക്കുന്നു. മെല്‍ക്കിസെദേക്കിന്റെ ക്രമത്തില്‍പ്പെട്ടവനും പരിപൂര്‍ണ്ണനുമായ ഒരു പ്രധാനപുരോഹിതന്‍ (7, 1-28). ക്രിസ്തു പൂര്‍ത്തിയാക്കാനിരുന്ന ഏകബലിയുടെ പ്രതീകങ്ങള്‍ മാത്രമായിരുന്ന പഴയനിയമത്തിലെ ആരാധനകളും ബലികളും ക്രിസ്തുവിന്റെ ആഗമനത്തോടെ നിരര്‍ത്കമായി. സ്വന്തം രക്തത്തോടുകൂടി ക്രിസ്തു നിത്യകൂടാരമായ സ്വര്‍ഗ്ഗത്തില്‍ പ്രവേശിച്ച് പരിത്രാണകര്‍മ്മം നിറവേറ്റി (8, 1-10, 39). സ്വര്‍ഗ്ഗത്തില്‍ അതിവിശുദ്ധസ്ഥലത്തിരിക്കുന്ന നിത്യപുരോഹിതനായ ക്രിസ്തുവിനെയും അവന്റെ പ്രത്യാഗമനത്തെയുംകുറിച്ചുള്ള ചിന്ത ക്രിസ്തുവില്‍ വിശ്വസിക്കുന്നവര്‍ക്ക്, ഈ വിശ്വാസംമൂലം അനുഭവിക്കേണ്ടിവരുന്ന പീഡനങ്ങളില്‍ ആശ്വാസവും പ്രലോഭനങ്ങളില്‍ ധൈര്യവും പ്രധാനംചെയ്യുന്നതാണ് (11, 1-13, 24)