പൗലോസ് തന്റെ രണ്ടാമത്തെ പ്രേഷിതയാത്രാവേളയില്‍ ഫിലിപ്പിയിലെ സഭയ്ക്ക് അടിസ്ഥാനമിട്ടു (അപ്പ16, 12വ40). ഫിലിപ്പിയിലെ ക്രൈസ്തവര്‍ പൗലോസിനു പലപ്പോഴും സഹായമെത്തിച്ചുകൊടുക്കുമായിരുന്നു (ഫിലി 4, 16; 2 കൊറി 11,9). അതിനെല്ലാം നന്ദി രേഖപ്പെടുത്തുകയും, ഫിലിപ്പിയിലെ വിശ്വാസികളുടെ ജീവതരീതകളില്‍ പൗലോസിനുള്ള സംതൃപ്തിയും താത്പര്യവും അവരെ അറിയിക്കുകയുമാണ് ഈ ലേഖനത്തിന്റെ ഉദ്ദേശ്യം.എഫേസോസുകാര്‍ക്കും കൊളോസോസുകാര്‍ക്കും ഫിലെമോനും ഉള്ള ലേഖനങ്ങളെപ്പോലെ ഫിലിപ്പിയര്‍ക്കുള്ള ലേഖനത്തെയും ബന്ധനകാലലേഖനമായാണ് കരുതിപ്പോരുന്നത്. കാരാഗൃഹത്തില്‍വച്ചാണെഴുതുന്നതെന്നു പൗലോസ് ഈ ലേഖനത്തിലും ആവര്‍ത്തിച്ചു പറയുന്നുണ്ട് (1,7; 12വ17). റോമായിലെ കാരാഗൃഹവാസമാണോ, അതോ എഫേസോസിലേതാണോ ഇവിടെ വിവക്ഷിക്കപ്പെടുന്നത് എന്ന് ഖണ്ഡിതമായി പറയാനാവില്ലെങ്കിലും, ആദ്യത്തേതാകാനാണു കൂടുതല്‍ സാധ്യത. അങ്ങനെയെങ്കില്‍, എ.ഡി. 58വനും 60വനും ഇടയ്ക്കായിരിക്കണം ഈ ലേഖനം രചിക്കപ്പെട്ടത്., കൃതജ്ഞത, പ്രാര്‍ത്ഥന, സുവിശേഷപ്രചാരണത്തെ സംബന്ധിച്ചവാര്‍ത്തകള്‍ (1, 1വ27) എന്നിവയ്ക്കുശേഷം, ക്രിസ്തുവിശ്വാസം സ്വീകരിച്ചവര്‍ക്കുണ്ടായിരിക്കേണ്ട സ്ഥിരത, ഐക്യം എന്നീ കാര്യങ്ങളെക്കുറിച്ചുള്ള ഉപദേശങ്ങളാണു കാണുക (1, 28വ2, 2). തുടര്‍ന്ന്, സമകാലീന ക്രിസ്തുവിജ്ഞാനീയത്തിന്റെ രത്‌നച്ചുരുക്കം അപ്പസ്‌തോലന്‍ അവതരിപ്പിക്കുന്നു (2, 3വ49). യേശു തന്നെത്തന്നെ ശൂന്യനാക്കി, പിതാവിനോടുള്ള പരിപൂര്‍ണ്ണവിധേയത്വത്തില്‍, കേവലം ഒരു അടിമയെപ്പോലെ കുരിശുമരണത്തിനുപോലും സന്നദ്ധനായതുകൊണ്ട് പിതാവായ ദൈവം അവിടുത്തെ മഹത്വപ്പെടുത്തി. ഈ മാതൃകയാവണം ഓരോ ക്രൈസ്തവനും സമൂഹത്തിനുവേണ്ടി തന്റെ അവകാശങ്ങളെ ബലികഴിക്കാനും തന്നെതന്നെ സമര്‍പ്പിക്കാനും പ്രചോദനം നല്കുന്നത് (2, 3വ11). നിസ്‌സ്വാര്‍ത്ഥസേവനത്തിലൂടെ ലോകത്തിന്റെ പ്രകാശമായിരിക്കാനുള്ള ആഹ്വാനവും (2, 12വ18) തന്റെ സഹപ്രവര്‍ത്തകരെ സംബന്ധിച്ചവാര്‍ത്തകളും (2, 19വ3, 1) നല്കിയതിനുശേഷം പരിച്ഛേദനവാദികളെ അകറ്റി നിര്‍ത്തേണ്ടതിന്റെയും (3, 2വ7) ക്രിസ്തുവിന്റെ പുനരുത്ഥാനത്തിലെ പുതുജീവനിലേക്കു പ്രവേശിക്കാന്‍ വേണ്ടി അവിടുത്തെ സഹനത്തിലും മരണത്തിലും പങ്കുചേരേണ്ടതിന്റെയുംആവശ്യകതയാണ് അപ്പസ്‌തോലന്‍ ഊന്നിപ്പറയുന്നത്. യേശുവിന്റെ ആത്മാവും ദൈവത്തോടും മനുഷ്യരോടും കൂടുതല്‍ അടുക്കുന്നതിന്റെ ഫലമായുണ്ടാകുന്ന ക്രിസ്തീയ സന്തോഷവും സമാധാനവും എന്നും നിലനിര്‍ത്താന്‍ നാം ശ്രമിക്കേണ്ടതാണ് (3, 12-4, 9). ഫിലിപ്പിയിലെ വിശ്വാസികള്‍ അപ്പസ്‌തോലനു നല്കിയ സഹായത്തനു കൃതജ്ഞതയും അവര്‍ക്കെല്ലാവര്‍ക്കും അഭിവാദനങ്ങളും അര്‍പ്പിച്ചുകൊണ്ടു (4, 10-23) ലേഖനം ഉപസംഹരിക്കുന്നു.