ഗ്രീസിലെ ഒരു പ്രമുഖ പട്ടണമായിരുന്നു കോറിന്തോസ്. കോറിന്തോസിലെ ക്രിസ്ത്യാനികളില്‍ നല്ലൊരുഭാഗം താഴ്ന്നവര്‍ഗ്ഗക്കാരില്‍ നിന്നും (1 കോറി 1, 26-29), മറ്റുള്ളവര്‍ യഹൂദരില്‍നിന്നും മനസ്സുതിരിഞ്ഞവരായിരുന്നു (അപ്പ18, 4-5; 1 കോറി 1, 10-16). പ്രവചനവരം, വിവിധഭാഷകള്‍ സംസാരിക്കുന്നതിനുള്ള കഴിവ് മുതലായ നിരവധി ദാനങ്ങളാല്‍ അനുഗ്രഹീതരായിരുന്നു അവരില്‍ പലരും.(1 കോറി 12,1-11, 27-31; 14, 26-40). എന്നാല്‍, സാന്‍മാര്‍ഗ്ഗികനിയമങ്ങള്‍ സംബന്ധിച്ചവിജ്ഞാനം അവര്‍ക്കു കുറവായിരുന്നു.പൗലോസ് തന്റെ രണ്ടാം പ്രേഷിതയാത്രയിലാണൂ കോറിന്തോസ് സന്ദര്‍ശിച്ചത് (അപ്പ18, 1). തദവസരത്തില്‍ പ്രിഷില്ല, തീത്തോസ്, ക്രിസ്‌പോസ് മുതലായ പ്രഗല്ഭരെ ശിഷ്യപ്പെടുത്തുകയും അനേകരെ മാനസാന്തരപ്പെടുത്തുകയും ചെയ്തു (അപ്പ18, 7-11; 1 കോറി 1, 14). കോറിന്തോസുകാര്‍ക്കു രണ്ടു ലേഖനങ്ങളും പൗലോസ് തന്റെ മൂന്നാമത്തെ പ്രേഷിതയാത്രയില്‍ എഴുതിയതാണ്. എ. ഡി. 57ന്റെ ആരംഭത്തില്‍ ഒന്നാം ലേഖനവും അവസാനത്തില്‍ രണ്ടാം ലേഖനവും എഴുതിയതായി കണക്കാക്കപ്പെടുന്നു. ഒന്നാം ലേഖനം എഫേസോസില്‍വച്ചും, രണ്ടാമത്തേത് മക്കദോനിയായിലെ ഫിലിപ്പിയില്‍വച്ചുമാണ് എഴുതിയത്. അവയ്ക്കുപുറമേ വേറെ രണ്ടു ലേഖനങ്ങള്‍കൂടി അപ്പസ്‌തോലന്‍ കോറിന്തോസുകാര്‍ക്ക് അയച്ചതായി സൂചനകളുണ്ട്. (1 കോറി 5, 9; 2 കോറി 2, 4). കോറിന്തോസുകാര്‍ പൗലോസിനോട് എഴുതിചോദിച്ച കാര്യങ്ങള്‍, അവരെപ്പറ്റി ലഭിച്ചവിവരങ്ങള്‍ എന്നിവയാണ് ഈ ലേഖനം എഴുതാന്‍ അപ്പസ്‌തോലനെ പ്രേരിപ്പിച്ചത്. 1, 10-6, 20 വരെയുള്ള ഭാഗം ക്ലോയെയുടെ വീട്ടുകാരില്‍നിന്നു ( 1 കോറി 1, 11) ലഭിച്ചവിവരങ്ങളെ ആസ്പദമാക്കി എഴുതിയതാണ്. ക്രൈസ്തവവിശ്വാസത്തിന്റെ അടിസ്ഥാനം ലൗകികവിജ്ഞാനമല്ലെന്നും, സാന്‍മാര്‍ഗ്ഗികജീവിതത്തിലും പരസ്‌നേഹപ്രവൃത്തികളിലും കോറിന്തോസുകാര്‍ അഭിവൃദ്ധി പ്രാപിച്ചിട്ടില്ലെന്നും അപ്പസ്‌തോലന്‍ സ്ഥാപിക്കുന്നു. കോറിന്തോസുകാരുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടിയാണ് 7,1 മുതല്‍ 11,1 വരെ. ബ്രഹ്മചര്യം, വിഗ്രഹങ്ങള്‍ക്ക് അര്‍പ്പിച്ച ബലിവസ്തു എന്നിവ ഇവിടെ പരാമര്‍ശിക്കപ്പെടുന്നു. കോറിന്തോസില്‍നിന്ന് എഴുത്തുകൊണ്ടുവന്നവര്‍ നേരിട്ടു നല്കിയ വിവരങ്ങളെ ആസ്പദമാക്കി എഴുതിയതാണ് ബാക്കിഭാഗം (1 കോറി 11, 2-16, 18). വിശുദ്ധ കുര്‍ബ്ബാനയുള്‍പ്പെടെ, ആരാധനാസംബന്ധമായ ക്രമങ്ങളും ദാനങ്ങളുടെ സ്വഭാവവും പരസ്‌നേഹത്തിന്റെ മേന്മയും ഉയിര്‍പ്പിന്റെ മാഹാത്മ്യവുമെല്ലാം ഈ അദ്ധ്യായങ്ങളില്‍ പ്രതിപാദിച്ചിരിക്കുന്നു. ആദ്യ ലേഖനം കോറിന്തോസുകാരുടെയിടയില്‍ കൂടുതല്‍ അസ്വസ്ഥത ജനിപ്പിച്ചു. ഇതറിഞ്ഞഅപ്പസ്‌തോലന്‍ വളരെയധികം ദുഃഖിക്കുകയും അവരെ നേരിട്ടു സന്ദര്‍ശിക്കുകയും ചെയ്തു (2 കോറി 1,23; 2,1; 12,14; 13,1-2). അതുകൊണ്ടും ഫലമുണ്ടാകാതെ പൗലോസ് എഫസോസിലേക്കു മടങ്ങുകയും കണ്ണുനീരോടുകൂടെ ഒരെഴുത്ത് അവര്‍ക്ക് അയയ്ക്കുകയും ചെയ്തു (2 കോറി 2,4). അതാണു നേരത്തെ സൂചിപ്പിച്ച രണ്ടെഴുത്തുകളില്‍ ഒന്ന്. കോറിന്തോസുകാരെ സമാധാനിപ്പിക്കാന്‍ തീത്തോസിനെ പൗലോസ് അങ്ങോട്ടയച്ചു. അതിനുശേഷം അപ്പസ്‌തോലന്‍ എഫേസോസില്‍നിന്നു മക്കദോനിയായിലേക്ക് പുറപ്പെട്ടു (അപ്പ20,1). പൗലോസ് ഫിലിപ്പിയിലായിരിക്കൂമ്പോള്‍ തീത്തോസ് കോറിന്തോസില്‍നിന്ന് ആശ്വാസജനകമായ സന്ദേശവുമായി അദ്ദേഹത്തിന്റെ അടുത്തെത്തി. അപ്പോഴാണ് കോറിന്തോസുകാര്‍ക്കുള്ള രണ്ടാമത്തെ ലേഖനം എഴുതുത്. സുവിശേഷപ്രവര്‍ത്തനത്തെയും അപ്പസ്‌തോലന്റെ വ്യക്തിപരമായ ജീവിതത്തെയുംന്യായീകരിച്ചുകാണിക്കുകയാണ് ഈ ലേഖനത്തിന്റെ പ്രത്യേക ഉദ്ദേശ്യം. പൗലോസ് തന്റെ അപ്പസ്‌തോലാധികാരവും അവകാശങ്ങളും ആദ്യഭാഗത്ത് വ്യക്തമാക്കുന്നു (2 കോറി 1,12-7,16). തുടര്‍ന്നു ക്രൈസ്തവര്‍ ഔദാര്യശീലമുള്ളവരായിരിക്കണമെന്നൂം, ജറുസലെമിലെ ക്ഷാമം പരിഗണിച്ച് അവിടത്തെ വിശ്വാസികള്‍ക്കുവേണ്ടി ഒരു ധനശേഖരണം നടത്തണമെന്നും ഉദ്‌ബോധിപ്പിക്കുന്നു (2 കോറി 8-9). അപ്പസ്‌തോലനെ വ്യക്തിപരമായി വിമര്‍ശിച്ചവര്‍ക്കുള്ള മറുപടിയാണ് അവസാനഭാഗം (2 കോറി 10, 1-13, 10)