Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പുതിയ നിയമം

,

അപ്പ. പ്രവര്‍ത്തനങ്ങള്‍

,

ആമുഖം


ആമുഖം

  • മൂന്നാമത്തെ സുവിശേഷത്തിന്റെ കര്‍ത്താവായ ലൂക്കാതന്നെയാണ് അപ്പസ്‌തോലന്‍മാരുടെ പ്രവര്‍ത്തനങ്ങളും രചിച്ചതെന്നു പരമ്പരാഗതമായി വിശ്വസിച്ചുപോരുന്നു. ഈ ഗ്രന്ഥത്തിലെ 16, 10വ17; 20, 5വ21; 27, 1വ28, 16 എന്നീ ഭാഗങ്ങളില്‍ ഉപയോഗിച്ചിരിക്കുന്ന ഞങ്ങള്‍ എന്ന സര്‍ഋനാമം സൂചിപ്പിക്കുന്നതു ഗ്രന്ഥകര്‍ത്താവും അപ്പസ്‌തോലന്‍മാരുടെ പ്രേഷിതപ്രവര്‍ത്തനങ്ങളില്‍ പങ്കുചേര്‍ന്നെന്നും അങ്ങനെ സ്വന്തം അനുഭവങ്ങളുടെ വെളിച്ചത്തിലാണു ഗ്രന്ഥരചന നടത്തിയതെന്നും ആണല്ലോ. സുവിശേഷരചനയെത്തുടര്‍ന്ന് ലൂക്കാ ഗ്രീസിലോ റോമായിലോവച്ച് അപ്പസ്‌തോലന്‍മാരുടെ പ്രവര്‍ത്തനങ്ങളും രചിച്ചു എന്നതില്‍ക്കവിഞ്ഞ്, എന്ന്, എവിടെവച്ച് ഈ ഗ്രന്ഥം രചിക്കപ്പെട്ടു എന്നുഖണ്ഡിതമായി പറയാനാവില്ല. ഗ്രീക്കുഭാഷയിലെ പ്രാക്‌സെയ്‌സ് എന്ന ബഹുവചനസംജ്ഞയ്ക്ക്, ഒരു മഹാരഥന്റെ എടുത്തുപറയത്തക്ക ചെയ്തികള്‍, നേട്ടങ്ങള്‍, എന്ന അര്‍ത്ഥമാണ് ഉപയോഗംമൂലം ലഭിച്ചിട്ടുള്ളത്. ഈ അര്‍ത്ഥത്തില്‍ത്തന്നെയാണ് ഈ ഗ്രന്ഥത്തിന് അപ്പസ്‌തോലന്‍മാരുടെ പ്രവര്‍ത്തനങ്ങള്‍ എന്നു പേരു നല്കപ്പെട്ടതും. പരിശുദ്ധാത്മാവു നിങ്ങളുടെ മേല്‍ വന്നു കഴിയുമ്പോള്‍ നിങ്ങള്‍ ശക്തി പ്രാപിക്കും; ജറുസലെമിലുംയൂദയാമുഴുവനിലും സമരിയായിലും ഭൂമിയുടെ അതിര്‍ത്തികള്‍വരെയും നിങ്ങള്‍ എനിക്കു സാക്ഷികളായിരിക്കുകയും ചെയ്യും (അപ്പ1, 8) എന്ന യേശുവിന്റെ വാക്കുകള്‍, ശിഷ്യന്‍മാര്‍ നടത്തേണ്ടിയിരുന്ന പ്രവര്‍ത്തനങ്ങളുടെ രൂപരേഖയായിരുന്നു. പരിശുദ്ധാത്മാവിന്റെ ആഗമനത്തോടെ ജറുസലെമില്‍ രൂപം കൊണ്ട സഭ വളരെപ്പേരെ അംഗങ്ങളായി സ്വീകരിച്ചതിനുശേഷം (5, 7; 8, 1) അവിടെനിന്നു സമരിയായിലേക്കു വ്യാപിച്ചു (18, 14-17). തുടര്‍ന്ന്, വിജാതീയരുടെ പന്തക്കുസ്താ എന്നു വിശേഷിപ്പിക്കാവുന്ന കൊര്‍ണേലിയൂസിന്റെ മാനസാന്തരത്തിന് (10, 1-48) ജറുസലെം സൂനഹദോസുവഴി ലഭിച്ച ദൈവശാസ്ത്രപരമായന്യായീകരണം (15, 1-35) എന്ന സുപ്രധാനമായ വഴിത്തിരിവിലൂടെ, റോമാസാമ്രാജ്യത്തിന്റെ അറിയപ്പെട്ടിരുന്ന മിക്കവാറും എല്ലാ കേന്ദ്രങ്ങളിലേക്കും വ്യാപിച്ച്, ഭൂമിയുടെ അതിര്‍ത്തികള്‍വരെയും സഭ ചെന്നെത്തുന്നതിന്റെ ചരിത്രമാണ് ഈ ഗ്രന്ഥത്തില്‍ കാണുക. ഈ വികാസപരിണാമങ്ങളെ രണ്ടായി തിരിക്കാം. മാതൃസഭയായും അപ്പസ്‌തോലികത്വത്തിന്റെ ഉറവിടമായും പരിഗണിക്കപ്പെട്ടിരുന്ന ജറുസലെമിനെ കേന്ദ്രമാക്കിയിരുന്ന ആദ്യകാലപ്രവര്‍ത്തനങ്ങളാണ് ആദ്യത്തേത് ഈ യഹൂദഘട്ടത്തിന്റെ നേതാവു പത്രോസ്തന്നെ. യഹൂദന്‍മാരുടെ എതിര്‍പ്പിനു വിഷയമായ ക്രിസ്തുസംഭവം പരിശുദ്ധാത്മാവിന്റെ നിരന്തരപ്രചോദനത്താല്‍ സകലമനുഷ്യരെയും സ്വാധീനിക്കുന്ന വിജാതീയഘട്ടമാണു രണ്ടാമത്തേത ്. പൗലോസാണ് ഈ ഘട്ടത്തിന്റെ നേതാവ്. അപ്പസ്‌തോലന്‍മാരുടെ പ്രവര്‍ത്തനങ്ങളില്‍ നമ്മുടെ സവിശേഷശ്രദ്ധയാകര്‍ഷിക്കുന്നതാണ്, ഗ്രന്ഥത്തിന്റെ മൂന്നിലൊരു ഭാഗത്തോളം വരുന്ന, പ്രസംഗങ്ങളുടെ സമാഹാരം. അപ്പസ്‌തോലപ്രമുഖനായ പത്രോസിന്റെ അഞ്ചു പ്രസംഗങ്ങളും പ്രേഷിതവര്യനായ പൗലോസിന്റെ ഏഴു പ്രസംഗങ്ങളും ഇതിലുള്‍പ്പെടും; കൂടാതെ സ്‌തേഫാനോസിന്റെ സുദീര്‍ഘമായൊരു പ്രഭാഷണവും. Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Fri Sep 13 22:37:11 IST 2024
Back to Top