Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പുതിയ നിയമം

,

ലൂക്കാ

,

ആമുഖം


ആമുഖം

  • വിശുദ്ധ ലൂക്കാ സുവിശേഷകന്‍ അന്ത്യോക്യയില്‍ വിജാതീയ മാതാപിതാക്കളില്‍നിന്നു ജനിച്ചു. വിശുദ്ധ പൗലോസിന്റെ സ്‌നേഹിതനായിരുന്നു അദ്ദേഹം (കൊളോ 4.14). പൗലോസിന്റെ രണ്ടാമത്തെയും(അപ്പ16,10വ11) മൂന്നാമത്തെയും (അപ്പ20, 5വ8) പ്രേഷിതയാത്രകളിലും റോമിലെ കാരാഗൃഹവാസകാലത്തും( അപ്പ27,1വ28,16; 2തിമോ 4,11; ഫിലെ 23) ലൂക്കായും കൂടെയുണ്ടായിരുന്നു. ഇക്കാരണങ്ങളാല്‍, വിജാതീയരുടെ ഇടയിലേക്കു വളര്‍ന്നുവികസിച്ചുകൊണ്ടിരുന്ന സഭയുടെ ആവശ്യങ്ങള്‍ മനസ്സിലാക്കാന്‍മറ്റാരെയുംകാള്‍ ലൂക്കായ്ക്കു കഴിയുമായിരുന്നു. സ്‌നാപകയോഹന്നാന്റെ ജനനത്തെ സംബന്ധിച്ചു ദേവാലയത്തില്‍വച്ചുണ്ടായ അറിയിപ്പോടെ(1,11) ആരംഭിക്കുന്ന സുവിശേഷം, ദേവാലയത്തെക്കുറിച്ചുള്ള പരാമര്‍ശത്തോടെയാണ് അവസാനിക്കുന്നത്(24,54) ദേവാലയത്തിന് പ്രാധാന്യം കല്‍പിച്ചുകൊണ്ടുള്ള യഹൂദവീക്ഷണത്തിന്റെ സ്വാധീനം ഇവിടെ പ്രതിഫലിച്ചുകാണുന്നു. എന്നാല്‍, രക്ഷാകരപദ്ധതി വിജാതീയരെക്കൂടെ ഉള്‍കൊള്ളുന്നതാകയാല്‍ അവര്‍ക്കു പ്രത്യകിച്ചും സ്വീകാര്യമായൊരു വീക്ഷണം അവലംബിക്കുന്നതിലാണു സുവിശേഷകന്റെ സവിശേഷശ്രദ്ധ പതിയുന്നത്. ഇതു വ്യക്തമാക്കാനെന്നോണം, യേശു വിജാതീയരുടെ ഗലീലിയില്‍ പഠിപ്പിച്ചുകൊണ്ടു തന്റെ രക്ഷാകരദൗത്യം ആരംഭിക്കുന്നതായും സകല ജാതികളോടും രക്ഷയുടെ സദ്വാര്‍ത്ത അറിയിക്കാന്‍ ശിഷ്യന്‍മാരെ ചുമതലപ്പെടുത്തിക്കൊണ്ട് അവസാനിപ്പിക്കുന്നതായും സുവിശേഷകന്‍ വിവരിക്കുന്നു. ലൂക്കായുടെ സുവിശേഷത്തെ താഴെകാണും വിധം വിഭജിക്കാം. 1,1-2,52: ബാല്യകാല സുവിശേഷം, 3,1-4,13: ശുശ്രൂഷയ്ക്കുള്ള ഒരുക്കം, 4,14-9,50: ഗലീലിയിലെ ശുശ്രൂഷ, 9,51-19,46: ജറുസലെമിലേക്കുള്ളയാത്ര, 19,47-21,38: ജറുസലെമിലെ ശുശ്രൂഷ, 22,1-24,53: പീഡാനുഭവവും മഹത്വീകരണവും. എ.ഡി. 70-നു ശേഷം ഗ്രീസില്‍വച്ച് ഈ സുവിശേഷം വിരചിതമായി എന്നു കരുതപ്പെടുന്നു. മത്തായിയും മര്‍ക്കോസും ഉപയോഗിച്ച മൂലരേഖകള്‍ക്കു പുറമെ മറ്റു പാരമ്പര്യങ്ങളും ഈ സുവിശേഷരചനയില്‍ സ്വാധീനംചെലുത്തിയിട്ടുണ്ടെന്ന് വേണം അനുമാനിക്കാന്‍. കാരണം, മത്തായിയുടെ സുവിശേഷത്തില്‍നിന്നും വ്യത്യസ്തമായ ബാല്യകാലസുവിശേഷം, സ്‌നാപകയോഹന്നാനെപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍, നല്ല സമറിയാക്കാരന്റെ ഉപമ, മര്‍ത്തായെയും മറിയത്തെയും കുറിച്ചുള്ള വിവരണം, ധൂര്‍ത്തപുത്രന്റെ ഉപമ, ഫരിസേയന്റെയും ചുങ്കക്കാരന്റെയും ഉപമ, സക്കേവൂസിന്റെ ചരിത്രം, ഹേറോദേസിന്റെ മുമ്പാകെയുള്ള വിസ്താരം, എമ്മാവൂസിലേക്കുപോയ ശിഷ്യന്‍മാരുടെ അനുഭവം തുടങ്ങി മറ്റു സുവിശേഷങ്ങളില്‍ കാണാത്ത പലതും ലൂക്കായുടെ സുവിശേഷത്തില്‍ ഉണ്ട്. ലഭ്യമായ എല്ലാ രേഖകളും സസൂക്ഷ്മം പരിശോധിച്ച്, ക്രമീകൃതമായ ഒരു സുവിശേഷം(1,1) എഴുതാനാണ് ലൂക്കാ പരിശ്രമിക്കുന്നത്. പാരമ്പര്യങ്ങളെ വിശ്വസ്തയോടെ പുനരവതരിപ്പിക്കുക മാത്രമല്ല അദ്ദേഹം ചെയ്യുക, അവയെ സ്വന്തം വീക്ഷണത്തിനു യോജിച്ചവിധം ക്രമപ്പെടുത്തുകയും വിജാതീയ ക്രിസ്ത്യാനികളായ വായനക്കാര്‍ക്കു താല്‍പര്യം തോന്നാന്‍ ഇടയില്ലാത്ത കാര്യങ്ങള്‍ ഉപേക്ഷിച്ചുകളയുകയും തന്റെ അനുഭവത്തില്‍ നിന്ന് ഉരുത്തിരിഞ്ഞഒരു ക്രിസ്തുദര്‍ശനത്തെ അവതരിപ്പിക്കുകയുംകൂടി ചെയ്യുന്നു. Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Tue Dec 10 22:39:37 IST 2024
Back to Top