പ്രവാചകനും പുരോഹിതനുമായ മലാക്കി ദേവാലയപുനര്‍നിര്‍മാണം പൂര്‍ത്തിയായതിനുശേഷമാണ് പ്രവചനമാരംഭിക്കുന്നത് (ബി.സി. 516). നെഹെമിയാ ദേശാധിപതിയാകുന്നതിനു മുന്‍പായിരിക്കണം അത് (ബി.സി. 444). കൃത്യമായ കാലനിര്‍ണയം എളുപ്പമല്ല. ദേവാലയപുനര്‍നിര്‍മാണത്തിനുശേഷവും വരള്‍ച്ചയ്ക്കും വിളനാശത്തിനും തുടരെത്തുടരെ ഇരയായിക്കൊണ്ടിരുന്ന ജനം ദൈവവിശ്വാസത്തിന്റെയും ദൈവസേവനത്തിന്റെയും പ്രസക്തിയെത്തന്നെ ചോദ്യംചെയ്യാന്‍ തുടങ്ങി. അത്തരം ചോദ്യങ്ങള്‍ക്കുള്ള മറുപടി ആയിട്ടാണ് ഗ്രന്ഥം രചിച്ചിരിക്കുന്നത്. ദൈവത്തിന്റെ സ്‌നേഹത്തെപ്പറ്റി സംശയിക്കരുത്. അവിടുത്തെനാമം അശുദ്ധമാക്കാതെ നിര്‍മലമായ ബലിയര്‍പ്പിക്കുക (1,1-2,9). ദൈവത്തോട് അവിശ്വസ്തത കാട്ടുകയോ അവിടുത്തെ അസ ഹ്യപ്പെടുത്തുകയോ അരുത് (2, 10-3, 9). ദൈവത്തിങ്കലേക്കു തിരിച്ചുവരുക, അവിടുത്തെ സേവിക്കുന്നവര്‍ക്കു പ്രതിഫലം ലഭിക്കും (3, 6-4, 4). കര്‍ത്താവിന്റെ ദിനം ആഗതമാകുന്നതിനു മുന്‍പ് അവിടുന്ന് ഏലിയായെ വീണ്ടും അയയ്ക്കും (4, 5-6). ഇത്രയുമാണ് ആറു ചോദ്യങ്ങളും അവയ്ക്കുള്ള മറുപടിയുംവഴി ഗ്രന്ഥകാരന്‍ നല്‍കുന്ന സന്‌ദേശം. ജനത്തിനിടയിലെ അനീതിയും ചൂഷണവും, ജനത്തിനു നേതൃത്വം നല്‍കുന്നതിനു പകരം അവരെ വഴിതെറ്റിക്കുന്ന ഇടയന്‍മാരുടെ ഉത്തരവാദിത്വമില്ലായ്മയും പ്രവാചകന്റെ രൂക്ഷമായ വിമര്‍ശനത്തിനു പാത്രമാകുന്നുണ്ട്.