Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

സംഖ്യ

,

ആമുഖം


ആമുഖം

  • സീനായ്മലയില്‍ എത്തിയ ജനം അവിടെനിന്നു പുറപ്പെട്ട് വാഗ്ദത്തഭൂമിയുടെ അതിര്‍ത്തിയില്‍, മൊവാബു താഴ്‌വരയില്‍ എത്തുന്നതുവരെയുള്ള ഏകദേശം നാല്‍പതു വര്‍ഷത്തെ ചരിത്രമാണ് ഈഗ്രന്ഥത്തിലുള്ളത്. ഈ കാലഘട്ടത്തിന്റെ ആരംഭത്തിലും അവസാനത്തിലും (1 - 26 അധ്യായങ്ങള്‍) ഓരോ ജനസംഖ്യക്കണക്കെടുപ്പു നടക്കുന്നുണ്ട്. ഇതില്‍നിന്നാണ് സംഖ്യ എന്ന പേര്‍ പുസ്തകത്തിനു ലഭിച്ചത്. ഇസ്രായേല്‍മക്കളില്‍ യുദ്ധശേഷിയുള്ളവരെ എണ്ണിത്തിട്ടപ്പെടുത്തുകയായിരുന്നു കണക്കെടുപ്പിന്റെ ഉദ്‌ദേശ്യം.
    മരുഭൂമിയില്‍ കഴിച്ചുകൂട്ടിയ വര്‍ഷങ്ങളിലെ ചരിത്രം ദൈവത്തിനും മോശയ്ക്കുമെതിരേ പിറുപിറുക്കുന്ന ജനത്തിനു ശിക്ഷയിലൂടെ ദൈവം നല്‍കുന്ന ശിക്ഷണത്തിനു സാക്ഷ്യം നല്‍കുന്നു. കാദെഷ്‌ബെര്‍ണെയായില്‍ നിന്നു കാനാന്‍ദേശം ഒറ്റുനോക്കാന്‍ മോശ അയച്ചവരില്‍ ജോഷ്വയും കാലെബും ഒഴികെ മറ്റെല്ലാവരും ഭീരുക്കളായി വര്‍ത്തിച്ചു. ശത്രുവിനെ ഭയന്ന അവര്‍ ദൈവത്തിന്റെ കരുത്തുറ്റ കരത്തില്‍ വിശ്വാസമര്‍പ്പിച്ചില്ല. ജോഷ്വയും കാലെബും കാനാന്‍ദേശത്തു പ്രവേശിക്കും; അവിശ്വസ്തരായവരില്‍ ഒരുവന്‍ പോലും പ്രവേശിക്കയില്ല എന്ന് അവിടുന്ന് അറിയിച്ചു. പാരാന്‍ മരുഭൂമിയില്‍ കാദെഷ്‌ബെര്‍ണെയാവരെ എത്തിയ അവര്‍ കാനാന്‍ദേശത്തു നേരിട്ടു പ്രവേശിക്കാതെ ചെങ്കടലിനു നേരേ മരുഭൂമിയിലേക്കു തിരിച്ചുപോയി. മരുഭൂമിയില്‍ ചുറ്റിത്തിരിഞ്ഞ് അവര്‍ മൊവാബു താഴ്‌വരയില്‍ എത്തി. കാനാന്‍ ദേശത്തു പ്രവേശിക്കയില്ലെന്നു ദൈവം പറഞ്ഞിരുന്ന തലമുറ മുഴുവന്‍ ഇതിനകം മരിച്ചുകഴിഞ്ഞിരുന്നു.
    കോറഹിന്റെയും അനുചരന്‍മാരുടെയും എതിര്‍പ്പ്, പിത്തളസര്‍പ്പം, ബാലാമിന്റെ പ്രവചനങ്ങള്‍, പാറയില്‍നിന്നു മോശ ജലം പുറപ്പെടുവിക്കുന്നത് തുടങ്ങിയ സംഭവങ്ങള്‍ സംഖ്യാ ഗ്രന്ഥത്തില്‍ പ്രത്യേക ശ്രദ്ധ അര്‍ഹിക്കുന്നു. ചരിത്രസംഭവങ്ങള്‍ വിവരിക്കുന്നതിനിടയില്‍ വിവിധ നിയമങ്ങളും ആചാരാനുഷ്ഠാനങ്ങളും നല്‍കിയിരിക്കുന്നു.
    #ഘടന
    1, 1 - 10, 36: സീനായ് മരുഭൂമിയില്‍നിന്നു പുറപ്പെടാന്‍ ഒരുക്കം.(ജനസംഖ്യക്കണക്കെടുപ്പ് 1,1-4,49; വിവിധ നിയമങ്ങള്‍ 5,1-6, 27; ബലികള്‍, ലേവ്യരുടെ അഭിഷേകം 7,1-8,26 പെസഹാചരണം, സീനായില്‍ നിന്നുയാത്ര തുടരുന്നു 9,1-10,36)11, 1 - 22, 1: സീനായ് മുതല്‍ മൊവാബുവരെയുള്ളയാത്ര.(മരുഭൂമിയിലെ സംഭവങ്ങള്‍, കാനാന്‍ദേശം ഒറ്റുനോക്കുന്നു. 11, 1-14, 45; ബലിയര്‍പ്പണം, പുരോഹിതരുടെയും ലേവ്യരുടെയും അധികാരം 15, 1-19, 22; കാദെഷ് മുതല്‍ മൊവാബു വരെയുള്ളയാത്ര 20, 1-21, 35)22, 2 - 36, 13: മൊവാബുതാഴ്‌വരയില്‍(ബാലാമിന്റെ പ്രവചനങ്ങള്‍ 22, 1-25, 18; ജനസംഖ്യക്കണക്കെടുപ്പ്, ബലികളും ഉത്‌സവങ്ങളും സംബന്ധിച്ച നിയമങ്ങള്‍ 25, 19-30, 17; മിദിയാനെതിരേയുദ്ധം 31, 1-32, 42; ഈജിപ്തു മുതല്‍ മൊവാബുവരെയുള്ളയാത്രയുടെ സംക്ഷിപ്ത വിവരണം. 33, 1-49; ജോര്‍ദാന്‍ കടക്കുന്നതിനുമുമ്പു നല്‍കുന്ന നിര്‍ദ്‌ദേശങ്ങള്‍ 33, 50-36, 13). Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Tue Mar 18 06:35:19 IST 2025
Back to Top