ഇരുപത്തൊന്നു വാക്യങ്ങള്‍ മാത്രമുള്ള ഈ ചെറിയ പുസ്തകത്തിന്റെ അകത്തുനിന്നോ പുറത്തു നിന്നോ ഗ്രന്ഥകര്‍ത്താവിനെപ്പറ്റി പേരല്ലാതെ മറ്റൊരു വിവരവും ലഭ്യമല്ല. ജറുസലെമിന്റെ നാശം കണ്ടുരസിച്ചവന്‍ എന്ന് ഏദോമിനെപ്പറ്റി പറയുന്ന പശ്ചാത്തലത്തില്‍ (10-11) ബി.സി. 587 നു ശേഷം ഗ്രന്ഥരചന നടന്നു എന്ന് ഊഹിക്കാം. ഇസ്രായേലിന്റെ പരമ്പരാഗതശത്രുവായ ഏദോമിന്റെ ദ്രോഹങ്ങള്‍ക്കുള്ള പ്രതികാരം ആസന്നമാണ് എന്നു പ്രഖ്യാപിക്കുകയാണ് പ്രവാചകന്‍. യാക്കോബിന്റെ പതനത്തില്‍ സന്തോഷിച്ച ഏദോം അന്യാധീനമാകും. ഏദോമിന്റെ മല തകര്‍ക്കപ്പെടും (1-14). കര്‍ത്താവിന്റെ ദിനം ആഗതമാകുമ്പോള്‍ അവിടുന്ന് ജനതകളെ ശിക്ഷിക്കുകയും ഇസ്രായേലിനു രക്ഷ നല്‍കുകയും ചെയ്യും. തങ്ങളെ ദ്രോഹിച്ചവരുടെ ദേശങ്ങള്‍ ഓരോന്നായി ഇസ്രായേല്‍ കൈവശമാക്കും. ആധിപത്യം കര്‍ത്താവിന്‍േറ താകും (15-21).