ചെറിയ പ്രവാചകന്‍മാരുടെ പട്ടികയില്‍ മൂന്നാമത്തേതെങ്കിലും ചരിത്രപരമായി ലിഖിതപ്രവചനങ്ങളുടെ പ്രണേതാക്കളില്‍ ഒന്നാം സ്ഥാനം ആമോസിനാണ്. ഗ്രന്ഥം മുഴുവന്‍ പ്രവാചകന്‍ സ്വന്തമായി എഴുതിയെന്നു ധരിക്കേണ്ടതില്ല. പ്രവചനങ്ങളില്‍ ഏറിയകൂറും ശിഷ്യന്മാര്‍ സംഭരിച്ചതായിരിക്കണം. തെക്കോവയിലെ ഒരു ആട്ടിടയനായ ആമോസ് വടക്കന്‍ രാജ്യമായ ഇസ്രായേലില്‍ ജറോബോവാമിന്റെ കാലത്ത് ചുരുങ്ങിയ കാലയളവില്‍ മാത്രമാണ് പ്രവാചകദൗത്യം നിര്‍വഹിച്ചത് (ബി.സി. 760). ഇസ്രായേലിനോടു ക്രൂരത കാട്ടിയ ചുറ്റുമുള്ള ജനതകളെ ദൈവം കഠിനമായി ശിക്ഷിക്കാന്‍ പോകുന്നു എന്നു പറഞ്ഞുകൊണ്ട് പ്രഘോഷണം ആരംഭിച്ച (1, 1-2, 16) പ്രവാചകന്‍ സാവധാനം ഇസ്രായേലിന്റെ നേരേ തിരിയുകയാണ്. ഇസ്രായേലില്‍ നടമാടിയിരുന്ന സാമൂഹ്യാനീതികളുടെ പട്ടിക നിരത്തിവച്ചുകൊണ്ട് ദൈവത്തോടുള്ള വിശ്വസ്തത വെടിഞ്ഞജനത്തിനെതിരേ വിധി പ്രസ്താവിക്കുകയാണ് പ്രവാചകന്‍. കര്‍ത്താവിന്റെ ദിനം ആസന്നമാണ് (3, 1-6, 14). ഇസ്രായേലിന്റെ അന്ത്യത്തെ സൂചിപ്പിക്കുന്ന നാലു ദര്‍ശനങ്ങളും രക്ഷയുടെ വാഗ്ദാനവും അടങ്ങുന്നതാണ് ഗ്രന്ഥത്തിന്റെ അവസാനഭാഗം (7, 1-9, 15). സാമൂഹ്യനീതിയുടെയും ദൈവികനീതിയുടെയും പ്രവാചകനാണ് ആമോസ്.