ബി.സി. അഞ്ചാംനൂറ്റാണ്ടിലോ നാലാംനൂറ്റാണ്ടിലോ ആയിരിക്കണം ജോയേലിന്റെ പുസ്തകം വിരചിതമായത് എന്നുമാത്രമേ പറയാനാവൂ. പ്രവാചകനെപ്പറ്റി ചരിത്രപരമായ വിവരങ്ങളൊന്നും ലഭ്യമല്ല. കഠിനമായ വെട്ടുകിളിബാധയുടെയും രൂക്ഷമായ വരള്‍ച്ചയുടെയും പശ്ചാത്തലത്തിലാണ് പ്രവാചകന്‍ സംസാരിക്കുന്നത്. പ്രവാചകന്റെ വീക്ഷണത്തില്‍ ഇവ ആസന്നമായ ശിക്ഷയുടെ, കര്‍ത്താവിന്റെ ദിനത്തിന്റെ, പ്രതീകങ്ങളാണ്. മേല്‍പറഞ്ഞവെട്ടുകിളിബാധയുടെയും വരള്‍ച്ചയുടെയും വിവരണവും തങ്ങളുടെ അകൃത്യങ്ങളെക്കുറിച്ച് അനുതപിക്കാന്‍ ജനത്തിനു നല്‍കുന്ന ആഹ്വാനവുമാണ് ഗ്രന്ഥത്തിന്റെ ആദ്യഭാഗത്തു കാണുന്നത്. പ്രവാചകന്റെ ശബ്ദം ശ്രവിച്ച ജനത്തോടു ദൈവം കരുണ കാണിക്കുന്നതും അവര്‍ക്ക് ഐശ്വര്യം നല്‍കുന്നതും (1,1-2,27) കര്‍ത്താവിന്റെ ദിനത്തില്‍ ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ടവര്‍ക്കു ലഭിക്കാന്‍ പോകുന്ന സൗഭാഗ്യവും ജനതകള്‍ക്കുള്ള ശിക്ഷയുമാണ് രണ്ടാംഭാഗത്തു വിവരിക്കുന്നത് (2,28-3,21). അവസാന നാളുകളില്‍ എല്ലാ മനുഷ്യരുടെയുംമേല്‍ ആത്മാവിനെ വര്‍ഷിക്കുമെന്ന ജോയേലിന്റെ പ്രവചനം സവിശേഷശ്രദ്ധ അര്‍ഹിക്കുന്നുണ്ട്.