Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

ജെറെമിയ

,

ആമുഖം


ആമുഖം

  • ജോസിയായുടെ പതിമ്മൂന്നാം ഭരണവര്‍ഷമാണ് (ക്രി.മു. 626) ജറെമിയാ പ്രവാചകവൃത്തി ആരംഭിക്കുന്നത്. പിഴുതെറിയാനും തച്ചുടയ്ക്കാനും നശിപ്പിക്കാനും തകിടംമറിക്കാനും നിര്‍മിക്കാനും നട്ടുവളര്‍ത്താനുമായിട്ടാണ് ജറെമിയാ നിയോഗിക്കപ്പെട്ടത് (1,10). പ്രവാചകദൗത്യം നിറവേറ്റിയതിന്റെ പേരില്‍ ശാരീരികമായും മാനസികമായും വളരെയേറെ ക്ലേശങ്ങള്‍ സഹിച്ചവ്യക്തിയാണ് ജറെമിയാ. സ്വന്തം ജനത്തിന്റെ മേല്‍ പ്രസ്താവിക്കേണ്ടിവന്നവിധിവാചകം ജനസ്‌നേഹിയായ പ്രവാചകനു വേദനാജനകമായിരുന്നെങ്കിലും ഉള്ളില്‍ തീപോലെ ജ്വലിച്ചിരുന്ന ദൈവവചനത്തിന്റെ പ്രചോദനത്തിനു വഴങ്ങേണ്ടിവന്നു. വിഗ്രഹാരാധനയും സാമൂഹ്യാനീതികളുംവഴി കര്‍ത്താവിനെ തുടരെത്തുടരെ പ്രകോപിപ്പിക്കുന്ന ജനത്തിനു വരാന്‍പോകുന്ന ശിക്ഷ ഭയാനകമായിരിക്കും. രാജാവും പുരോഹിതനും പ്രവാചകനും ജനവും ഒന്നുപോലെ കുറ്റക്കാരായിത്തീര്‍ന്നിരിക്കുന്നു. ജോസിയായുടെ മതനവീകരണങ്ങള്‍ക്കു സര്‍വ പിന്തുണയും നല്‍കിയിരുന്ന ജറെമിയാ അവയൊന്നും വരാനിരിക്കുന്ന ശിക്ഷയകറ്റാന്‍ പര്യാപ്തമല്ല എന്നു കണ്ടു. കര്‍ത്താവ് തന്റെ ആലയത്തെയും അവകാശമായ ഇസ്രായേലിനെയും പരിത്യജിച്ചിരിക്കുന്നു (12,7). ഉടമ്പടി ലംഘിച്ച ഇസ്രായേലിനു പ്രതീക്ഷയ്ക്ക് അവകാശമില്ല. ദേവാലയവും നഗരവും കത്തിച്ചാമ്പലാകും. ജറുസലെം പരിത്യക്തമായിരിക്കുന്നു എന്നു പ്രവചിച്ചെങ്കിലും ദൈവം തന്റെ ജനത്തെയും നഗരത്തെയും പൂര്‍ണമായി കൈവിടുകയില്ല എന്നു ജറെമിയായ്ക്ക് ഉറപ്പുണ്ടായിരുന്നു. ദൈവം പ്രവാസികളെ തിരിച്ചുകൊണ്ടുവരുമെന്നും അവര്‍ അവിടുത്തെ ജനവും അവിടുന്ന് അവരുടെ ദൈവവുമായി പൂര്‍വാധികം സുദൃഢവും അലംഘനീയവുമായ ഉടമ്പടിയാല്‍ ബന്ധിക്കപ്പെടുമെന്നും പ്രവാചകന്‍ വാഗ്ദാനം ചെയ്തു. പുതിയൊരു പുറപ്പാടിന്റെ അനുഭവമായിരിക്കും അത്. താന്‍ പ്രവചിച്ച അനര്‍ഥങ്ങള്‍ സംഭവിക്കുന്നതു കാണാനുള്ള ദൗര്‍ഭാഗ്യം ജറെമിയായ്ക്കുണ്ടായി. തടവുകാരോടൊപ്പം ബാബിലോണിലേക്കു നയിക്കപ്പെടാതെ ജറെമിയാ ജറുസലെമില്‍ നഷ്ടശിഷ്ടങ്ങള്‍ക്കിടയില്‍ തങ്ങിയെങ്കിലും പിന്നീട് ഈജിപ്തിലേക്ക് നാടുകടത്തപ്പെട്ടു; അവിടെവച്ചു മരിച്ചെന്നു വിശ്വസിക്കപ്പെടുന്നു. ജറെമിയായുടെ പുസ്തകത്തിന്റെ കുറെ ഭാഗങ്ങളെങ്കിലും അദ്‌ദേഹംതന്നെ പറഞ്ഞുകൊടുത്ത് ശിഷ്യനായ ബാറൂക്കിനെക്കൊണ്ട് എഴുതിച്ചതാണ്; ബാക്കിഭാഗങ്ങള്‍ പല ശിഷ്യന്‍മാര്‍ ശേഖരിച്ചതും. ജറെമിയായുടെ ഗ്രീക്കുമൂലം ഹീബ്രുമൂലത്തെക്കാള്‍ ഹ്രസ്വമാണ്. ഘടന 1, 1-19: വിളിയും ദൗത്യവും 2, 1-25, 28: യൂദായുടെയും ജറുസലെമിന്റെയുംമേല്‍ വിധി 26, 1-29, 32: വ്യാജപ്രവാചകന്‍മാരുമായി വിവാദം 30, 1-33, 26: സാന്ത്വനം, രക്ഷാവാഗ്ദാനം 34, 1-45, 5: ജറുസലെം ആക്രമിക്കപ്പെടുന്നു, പ്രവാചകന്റെ സഹനം 46, 1-51, 64: ജനതകള്‍ക്കെതിരേ പ്രവചനങ്ങള്‍ 52, 1-34: അനുബന്ധം, ജറുസലെമിന്റെ പതനം Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Tue Dec 10 23:54:16 IST 2024
Back to Top