ബി.സി. എട്ടാം നൂറ്റാണ്ടിന്റെ രണ്ടാംപകുതിയില്‍ (740-700) പ്രവാചകദൗത്യം നിറവേറ്റിയ വ്യക്തിയാണ് ഏശയ്യാ. ഇക്കാലയളവില്‍യഥാക്രമം ഉസിയാ, യോഥാം, ആഹാസ്, ഹെസക്കിയ എന്നിവര്‍ യൂദായില്‍ ഭരണം നടത്തി (ഏശ 1,1). ആദ്യത്തെ മുപ്പത്തൊന്‍പത് അധ്യായങ്ങളിലാണ് ഈ കാലഘട്ടത്തിലെ പ്രവര്‍ത്തനങ്ങള്‍ വിവരിച്ചിരിക്കുന്നത്. തുടര്‍ന്നുള്ള അധ്യായങ്ങളുടെ ഉള്ളടക്കവും കാലസൂചനകളും ഗണിക്കുമ്പോള്‍ അവ ഏശയ്യായുടെ തൂലികയില്‍ നിന്നു വന്നതാകാന്‍ വിഷമമാണ്. ഗ്രന്ഥകര്‍ത്താവ് അജ്ഞാതനായിരിക്കേസൗകര്യാര്‍ഥം 40-55 അധ്യായങ്ങളെ രണ്ടാം ഏശയ്യാ എന്നും 56-66 അധ്യായങ്ങളെ മൂന്നാം ഏശയ്യാ എന്നും തിരിക്കാറുണ്ട്. രണ്ടാം ഏശയ്യാ ബാബിലോണില്‍ പ്രവാസത്തില്‍ കഴിയുന്നവരെയും മൂന്നാം ഏശയ്യാ പ്രവാസം കഴിഞ്ഞ് ജറുസലെമില്‍ തിരിച്ചെത്തിയവരെയുമാണ് അഭിസംബോധന ചെയ്യുന്നത്. ശക്തമായ ഒരു ദൈവാനുഭവത്തോടെയാണ് പ്രവാചകദൗത്യം ആരംഭിക്കുക (6, 1-13). യൂദായിലെ രാഷ്ട്രീയ നീക്കങ്ങളുമായി ബന്ധപ്പെട്ടാണ് പ്രവാചകന്റെ പ്രവര്‍ത്തനം. പ്രതിസന്ധികളില്‍ സഹായം തേടി അസ്‌സീറിയായിലേക്കോ ഈജിപ്തിലേക്കോ തിരിയാതെ ചരിത്രനിയന്താവായ ദൈവത്തില്‍ ഉറച്ചു വിശ്വസിക്കുകയും ധൈര്യമവലംബിക്കുകയും ചെയ്യാന്‍ പ്രവാചകന്‍ ആവര്‍ത്തിച്ച് ആഹ്വാനം ചെയ്യുന്നു. പ്രവാചകന്റെ ഉപദേശം മറന്നു പ്രവര്‍ത്തിച്ച രാജാക്കന്‍മാര്‍ പരാജയം വിളിച്ചുവരുത്തി. യൂദായുടെയും ജറുസലെമിന്റെയും ധാര്‍മികാധഃപതനത്തെ അപലപിക്കുന്ന പ്രവാചകന്‍ ഇമ്മാനുവല്‍ പ്രവചനങ്ങളിലൂടെ പ്രത്യാശ പകരുന്നു. ആശയറ്റു ദിനങ്ങള്‍ കഴിക്കുന്ന പ്രവാസികള്‍ക്ക് ആശ്വാസം പകരുന്ന വാക്കുകളാണ് 40-55 അധ്യായങ്ങളില്‍. ജനത്തിന്റെ കഷ്ടത കണ്ടു മനസ്‌സലിഞ്ഞകര്‍ത്താവ് അവരെ രക്ഷിച്ച് സ്വഭവനങ്ങളിലെത്തിക്കാന്‍ തയ്യാറായിക്കഴിഞ്ഞു. ഇസ്രായേലും അവര്‍ വഴി ജനതകളും അനുഗൃഹീതരാകും. കര്‍ത്താവിന്റെ ദാസനെപ്പറ്റിയുള്ള ഗീതങ്ങള്‍ ഈ ഭാഗത്തെ പ്രത്യേകം ശ്രദ്‌ധേയമാക്കുന്നു. ഇസ്രായേലില്‍ തിരിച്ചെത്തിയവര്‍ക്ക് പ്രത്യാശയും ആവേശവും പകരുകയാണ് 56-66 അധ്യായങ്ങളില്‍. സമഗ്രവിമോചനത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും സന്‌ദേശമാണിവിടെ. സത്യവും നീതിയുംയഥാര്‍ഥ ആരാധനയും പുലരണം. അങ്ങനെ പുതിയ ആകാശവും പുതിയ ഭൂമിയും സംസ്ഥാപിതമാകും. ഘടന 1, 1-12, 6 : യൂദായെയും ജറുസലെമിനെയുംകുറിച്ചുള്ള പ്രവചനങ്ങള്‍ (6, 1-13 പ്രവാചകനെ ദൗത്യമേല്‍പിക്കുന്നു). 13, 1-23, 18 :ജനതകളുടെമേല്‍ ശിക്ഷാവിധി. 24, 1-27, 13 :യുഗാന്തവീക്ഷണം. 28, 1-35, 10 :കര്‍ത്താവ് മാത്രമാണ് യൂദായെരക്ഷിക്കുന്നവനും ശത്രുക്കളെ ശിക്ഷിക്കുന്നവനും. 36, 1-39, 8 :ചരിത്രക്കുറിപ്പുകള്‍ (പ്രധാനമായും 2 രാജാ 18-20 നെ ആസ്പദമാക്കിയുള്ളത്). 40, 1-48, 22 :ആശ്വാസവചനങ്ങള്‍, പ്രവാസത്തില്‍ നിന്നു തിരിച്ചുവരവ് ആസന്നം. സൈറസ് കര്‍ത്താവിന്റെ ഉപകരണം (42, 1-9 ദൈവദാസനെക്കുറിച്ചുള്ള ആദ്യഗീതം). 49, 1-55, 13 :സീയോനു രക്ഷയും ഐശ്വര്യവും കൈവരും. കര്‍ത്താവിന്റെ വാഗ്ദാനത്തില്‍ വിശ്വാസമര്‍പ്പിക്കുക (49, 1-9; 50, 4-9; 52, 13-53, 12; എന്നിങ്ങനെ ദൈവദാസനെക്കുറിച്ചുള്ള മൂന്നു ഗീതങ്ങള്‍ കൂടി). 56, 1-59, 21 :രക്ഷയും ശിക്ഷയും, അനീതി പ്രവര്‍ത്തിക്കുന്നവര്‍, പ്രത്യേകിച്ചു നേതാക്കന്‍മാര്‍ ശിക്ഷയനുഭവിക്കും. 60, 1-62, 12 :സീയോനു വരാന്‍ പോകുന്ന മഹത്വം. 63, 1-66, 24 :ജനതകള്‍ക്കു ശിക്ഷയും ജനത്തിന് അന്തിമരക്ഷയും.