ഗ്രന്ഥകര്‍ത്താവിനെയും ഗ്രന്ഥത്തിന്റെ ഉദ്‌ദേശ്യത്തെയുംകുറിച്ചുള്ള സൂചനകള്‍ ഗ്രന്ഥത്തിന്റെ അവസാനഭാഗത്തുനിന്നു ലഭിക്കുന്നു. ജറുസലെംകാരനായ സീറാക്കിന്റെ മകന്‍ യേശു തന്റെ ജ്ഞാനത്തിന്റെ ബഹിര്‍പ്രകാശമനുസരിച്ച് ഈ ഗ്രന്ഥത്തിലുള്ള അന്യാപദേശങ്ങളും ജ്ഞാനസംപൂര്‍ണമായ ഉപദേശങ്ങളും എഴുതി (50, 27). ഹീബ്രുഭാഷയില്‍ എഴുതപ്പെട്ട ഈ ഗ്രന്ഥത്തിന്റെ ഗ്രീക്കുവിവര്‍ത്തനം, സീറാക്കിന്റെ പുത്രന്‍ യേശുവിന്റെ വിജ്ഞാനം എന്ന പേരിലാണ് അറിയപ്പെടുന്നത്. ബി.സി. രണ്ടാംനൂറ്റാണ്ടിന്റെ ആരംഭത്തിലാണ് ഗ്രന്ഥരചന നടന്നത്. സുഭാഷിതങ്ങളുമായി വളരെ സാമ്യമുള്ള ഈ ഗ്രന്ഥത്തില്‍ ദീര്‍ഘകാലത്തെ വിശുദ്ധഗ്രന്ഥ ധ്യാനത്തില്‍നിന്ന് ഉരുത്തിരിഞ്ഞചിന്തകളാണുള്ളത്. ഘടന 1 വ 43 :സാന്‍മാര്‍ഗിക നിര്‍ദേശങ്ങള്‍ 44 വ 50 :ഇസ്രായേലിലെ മഹാന്‍മാരുടെ കീര്‍ത്തനം 51 :കൃതജ്ഞതാസ്‌തോത്രം, വിജ്ഞാന തീക്ഷ്ണതയെക്കുറിച്ചു ഗീതം മുഖവുര നിയമവും പ്രവാചകന്‍മാരും അവരെ പിന്തുടര്‍ന്നവരും വഴി നമുക്കു മഹത്തായ അന വധി പ്രബോധനങ്ങള്‍ നല്‍കപ്പെട്ടിട്ടുണ്ട്. നമുക്കു ലഭിച്ച ഈ പ്രബോധനങ്ങള്‍ക്കും ജ്ഞാനത്തിനും ഇസ്രായേല്‍ നമ്മുടെ പ്രശംസ അര്‍ഹിക്കുന്നു. എന്നാല്‍, ഇവ വായിക്കുന്നവര്‍ക്കു മാത്രം അറിവു ലഭിച്ചാല്‍ പോരാ. അറിവു നേടുന്നതില്‍ താത്പര്യമുള്ളവര്‍ തങ്ങളുടെ വാക്കും തൂലികയും മറ്റുള്ളവര്‍ക്കുകൂടി പ്രയോജനപ്രദമായ വിധത്തില്‍ ഉപയോഗിക്കണം. ആകയാല്‍ എന്റെ പിതാമഹന്‍ യേശു നിയമവും പ്രവാചകന്‍മാരും നമ്മുടെ പിതാക്കന്‍മാരുടെ ഇതരഗ്രന്ഥങ്ങളും സശ്രദ്ധം വായിക്കുകയും നല്ല പാണ് ഡിത്യം സമ്പാദിക്കുകയും ചെയ്തതിനുശേഷം ജ്ഞാനത്തെയും പ്രബോധനത്തെയും സംബന്ധിക്കുന്ന ചില കാര്യങ്ങള്‍ എഴുതാന്‍ പ്രേരിതനായി. അറിവു സമ്പാദിക്കുന്നതില്‍ താത്പര്യമുള്ളവര്‍ ഈ ഗ്രന്ഥം ശ്രദ്ധാപൂര്‍വം പാരായണം ചെയ്തു നിയമമനുസരിച്ചു ജീവിക്കുന്നതില്‍ ഉത്തരോത്തരം അഭിവൃദ്ധി പ്രാപിക്കണം എന്നതാണു ഗ്രന്ഥ കര്‍ത്താവിന്റെ ലക്ഷ്യം. ഈ ഗ്രന്ഥപരിഭാഷ ഞങ്ങള്‍ കഴിയുന്നത്ര ശ്രദ്ധയോടെ ചെയ്തിട്ടുണ്ടെങ്കിലും ഇതിലെ ചില പദപ്രയോഗങ്ങള്‍ വേണ്ടത്ര സൂക്ഷ്മതയില്ലാത്തതായി തോന്നിയേക്കാം. എങ്കിലും നിങ്ങള്‍ ഇതു സന്‍മനസ്‌സോടും ഏകാഗ്രതയോടുംകൂടെ പാരായണം ചെയ്യണമെന്നു ഞങ്ങള്‍ നിങ്ങളെ ഉദ്‌ബോധിപ്പിക്കുന്നു. ഹെബ്രായഭാഷയില്‍ ആവിഷ്‌കരിച്ച ആ ശയം മറ്റൊരു ഭാഷയിലേക്കു വിവര്‍ത്തനം ചെയ്യുമ്പോള്‍ അതേ ആശയം മുഴുവന്‍ ഉള്‍ക്കൊണ്ടുവെന്നു വരുകയില്ല. ഈ കൃതി മാത്രമല്ല, നിയമവും പ്രവാചകന്‍മാരും മറ്റു ഗ്ര ന്ഥങ്ങളും മൂലത്തിലെ പ്രതിപാദനത്തില്‍നിന്നു കുറച്ചല്ല വ്യത്യസ്തമായിരിക്കുന്നത്. എവുഎര്‍ഗെത്തെസിന്റെ മുപ്പത്തിയെട്ടാം ഭരണവര്‍ഷം ഞാന്‍ ഈജിപ്തില്‍ വന്ന് കുറച്ചുകാലം താമസിച്ചു. അക്കാലത്ത് പഠനത്തിന് എനിക്കു നല്ലൊരവസരം കൈവന്നു. ക്ലേശം സഹിച്ച്‌യത്‌നിക്കേണ്ടിവന്നാലും ഈ ഗ്രന്ഥം പരിഭാഷപ്പെടുത്തുക അത്യന്താപേക്ഷിതമാണെന്ന് എനിക്കു തോന്നി. വിദേശത്തുവസിക്കുന്നവരും നിയമമനുസരിച്ചു ജീവിക്കാന്‍വേണ്ട അറിവു സമ്പാദിക്കാന്‍ ആഗ്രഹിക്കുന്നവരുമായ ആളുകള്‍ക്കുവേണ്ടി, അക്കാലത്ത് അതീവശ്രദ്ധയോടും പാടവത്തോടുംകൂടി ഈ പരിഭാഷ പൂര്‍ത്തിയാക്കി പ്രസിദ്ധീകരിക്കാന്‍ ഞാന്‍ തയ്യാറായി.