കൊഹേലെത്ത് എന്ന ഹീബ്രുപദത്തിന്റെ ഏകദേശ തര്‍ജമയാണ് സഭാപ്രസംഗകന്‍. ദാവീദിന്റെ പുത്രനും ജറുസലെമില്‍ രാജാവും എന്നു ഗ്രന്ഥകാരന്‍ തന്നെക്കുറിച്ച് പറയുമ്പോള്‍ സോളമനിലാണ് കര്‍ത്തൃത്വം ആരോപിക്കപ്പെടുന്നത്. എന്നാല്‍, ബി.സി. മൂന്നാംനൂറ്റാണ്ടില്‍ ഏതോ യഹൂദചിന്തകന്‍ ഈ ഗ്രന്ഥം രചിച്ചു എന്നാണ് പൊതുവായ അഭിപ്രായം. ഗ്രീക്കുതത്വചിന്തയുടെ സ്വാധീനം ഈ ഗ്രന്ഥത്തിലെ ഈ ചിന്താധാരകളില്‍ പ്രകടമാണ്. മനുഷ്യജീവിതത്തിന്റെ അര്‍ഥത്തെയും ലക്ഷ്യത്തെയും കുറിച്ചുള്ള ചിതറിയ ചിന്തകള്‍ എന്നല്ലാതെ ഗ്രന്ഥത്തിന് വ്യക്തമായ ഒരു ഘടന നിര്‍ദേശിക്കുക എളുപ്പമല്ല. എന്നാല്‍, അടിസ്ഥാനപരമായ ചില ആശയങ്ങള്‍ അവിടവിടെ ആവര്‍ത്തിക്കപ്പെടുന്നതിന്റെ വെളിച്ചത്തില്‍ ഗ്രന്ഥകാരന്റെ ജീവിതവീക്ഷണം അത്ര അവ്യക്തമല്ല. സൂര്യനു കീഴേ നടക്കുന്നതെല്ലാം - ഈ ലോകവും ഇതിലെ വ്യാപാരങ്ങളും നേട്ടങ്ങളും സുഖങ്ങളും എല്ലാം - മിഥ്യയാണ് എന്ന നിഗമനത്തിലാണ് ഗ്രന്ഥകാരന്റെ പര്യവേക്ഷണങ്ങള്‍ ചെന്നുനില്‍ക്കുക. ദൈവത്തിന്റെ അധീശത്വവും ദൈവികപദ്ധതികളും അംഗീകരിക്കുന്നുണ്ടെങ്കിലും ഗ്രന്ഥകാരന്റെ ചിന്താഗതികള്‍ അവികലമാണ് എന്നു പറഞ്ഞുകൂടാ.പ്രവാസാനന്തര യഹൂദചിന്ത മക്കബായ വിപ്ലവത്തിലൂടെ പ്രകടമായ വിശ്വാസദാര്‍ഢ്യത്തിന്റെയും പ്രത്യാശയുടെയും പാതയിലെത്തുന്നതിനു മുന്‍പുള്ള പരിവര്‍ത്തനദശയിലെ ഒരു കണ്ണിയായി സഭാപ്രസംഗകനെ ഗണിച്ചാല്‍ മതി.