അനുദിനജീവിതത്തിലെ പ്രശ്‌നങ്ങള്‍ വിവേകപൂര്‍വം കൈകാര്യംചെയ്യുന്നതിനും ജീവിതത്തിന്റെ വിവിധ തലങ്ങളില്‍ ജ്ഞാനത്താല്‍ നയിക്കപ്പെടുന്നതിനും സഹായകമായ സൂക്തങ്ങളുടെ സമാഹാരമാണ് സുഭാഷിതങ്ങള്‍. ദാവീദിന്റെ മകനും ഇസ്രായേല്‍രാജാവുമായ സോളമന്റെ സുഭാഷിതങ്ങള്‍ എന്ന വാക്കുകള്‍ കൊണ്ടാണ് ഗ്രന്ഥം ആരംഭിക്കുന്നത്. ഇതിലെ ചില ശേഖരങ്ങള്‍ക്ക് (10-22, 25-29) സോളമന്റെ കാലത്തോളംതന്നെ പഴക്കമുണ്ടെന്നു കരുതപ്പെടുന്നു.യുവാക്കളെയും അനുഭവജ്ഞാനം കുറഞ്ഞവരെയും പ്രത്യേകം മുന്‍പില്‍ കണ്ടുകൊണ്ടാണ് താന്‍ എഴുതുന്നതെന്ന് ഗ്രന്ഥകാരന്‍ ആരംഭത്തില്‍തന്നെ വ്യക്തമാക്കുന്നുണ്ട്. ജ്ഞാനിയായ ഒരു മനുഷ്യന്‍ ജീവിതത്തിന്റെ വിവിധ സാഹചര്യങ്ങളില്‍ എപ്രകാരം വര്‍ത്തിക്കണമെന്ന് ഇസ്രായേലിലെ ഗുരുഭൂതന്‍മാര്‍ക്കുള്ള വീക്ഷണം വ്യക്തമായി കാണാം. മതതലത്തില്‍ മാത്രമല്ല, സമൂഹത്തിലും കുടുംബത്തിലും സമചിത്തതയോടെ വര്‍ത്തിക്കുന്നതിനു നിര്‍ദേശങ്ങള്‍ നല്‍കുന്നു. എളിമ, ക്ഷമ, ദരിദ്രരോടു ബഹുമാനം, സ്‌നേഹിതര്‍ തമ്മില്‍ വിശ്വസ്തത, ഭാര്യാഭര്‍തൃബന്ധം തുടങ്ങി വിവിധ വിഷയങ്ങള്‍ ഗ്രന്ഥത്തില്‍ പരാമര്‍ശിക്കപ്പെടുന്നു. വിജ്ഞനും ഭോഷനും തമ്മിലുള്ള അന്തരം പ്രത്യേകം എടുത്തുകാണിക്കുന്നു. ഹ്രസ്വവും ഹൃദയത്തില്‍ തുളച്ചുകയറുന്നതുമായ ജ്ഞാനോക്തികള്‍ എളുപ്പത്തില്‍ മനസ്‌സില്‍ തങ്ങിനില്‍ക്കുന്നു. ബി.സി. രണ്ടാംനൂറ്റാണ്ടിലായിരിക്കണം ഗ്രന്ഥത്തിന് അവസാനരൂപം നല്‍കിയത്. ആശയങ്ങള്‍ക്കനുസരിച്ച് പ്രത്യേക ക്രമീകരണമൊന്നും കൂടാതെ ജ്ഞാനസൂക്തികള്‍ ഒന്നിച്ചുചേര്‍ത്തിരിക്കുന്നു. എങ്കിലും താഴെ കാണുംവിധം ഗ്രന്ഥത്തെ വിഭജിക്കാറുണ്ട്. 1, 1-9, 18:ജ്ഞാനകീര്‍ത്തനം 10, 1-29, 27:സോളമന്റെ സുഭാഷിതങ്ങള്‍ 30, 1-38 :ആഗൂറിന്റെ വാക്കുകള്‍ 31, 1-31 :വിവിധ സൂക്തങ്ങള്‍