Holy Cross
നിയമം പുസ്തകം അദ്ധ്യായം വാക്യം

P. O. C ബൈബിള്‍

,

പഴയ നിയമം

,

പുറപ്പാടിന്റെ പുസ്തകം

,

ആമുഖം


ആമുഖം

  • ഈജിപ്തിലെ അടിമത്തത്തില്‍നിന്നു വിമോചിതരായി കാനാന്‍ദേശം ലക്ഷ്യമാക്കി പുറപ്പെട്ട ഇസ്രായേല്‍ ജനത്തിന്റെ ചരിത്രമാണ് പുറപ്പാട് എന്ന പദം സൂചിപ്പിക്കുന്നത്.
    ദൈവം ഇസ്രായേല്‍ ജനത്തിന്റെ ചരിത്രത്തിലേക്കിറങ്ങിവന്നു; അവരെ അടിമത്തത്തില്‍നിന്നു മോചിപ്പിച്ച്, അവരുമായി ഉടമ്പടി ചെയ്തു; അവരുടെ മധ്യേ കൂടാരത്തില്‍ വസിച്ചു.
    #1.ഈജിപ്തില്‍നിന്നുള്ള വിമോചനം
    ഈജിപ്തിലെത്തിച്ചേര്‍ന്ന യാക്കോബും മക്കളും അനുകൂലമായ സാഹചര്യങ്ങളില്‍ വളര്‍ന്നു വലിയ ജനതയായി. അവരുടെ ഉയര്‍ച്ചകണ്ടു ഭയന്ന ഈജിപ്തുരാജാക്കന്‍മാര്‍ അവരെ പീഡിപ്പിച്ച് അടിമകളാക്കി. അവരുടെ വിമോചനത്തിന്റെ കഥയാണ് ആദ്യഭാഗം. ദൈവം മഹാമാരികളയച്ച് ഈജിപ്തുകാരെ പ്രഹരിച്ചുകൊണ്ട് ഇസ്രായേല്‍ജനത്തെ മോചിപ്പിച്ചു. ചെങ്കടല്‍ കടന്നതോടെ ഇസ്രായേല്‍ ഈജിപ്തുകാരില്‍നിന്നു പൂര്‍ണമായി മോചിതരായി. അവര്‍ സീനായ് മലയെ ലക്ഷ്യമാക്കി യാത്ര തുടര്‍ന്നു. വിമോചനത്തിന്റെ പ്രതീകമായി മാറിയ ഈ സംഭവം പെസഹാചരണത്തിലൂടെ ഇസ്രായേല്‍ജനം ആണ്ടുതോറും അനുസ്മരിക്കുന്നു.
    #2.സീനായ് ഉടമ്പടി
    സീനായ്മലയെ ലക്ഷ്യമാക്കി യാത്രചെയ്ത ജനത്തെ ദൈവം അദ്ഭുതകരമായി ഭക്ഷണവും സംരക്ഷണവും നല്‍കി മരുഭൂമിയിലൂടെ നയിച്ചു. ഈ അസാധാരണ സംഭവങ്ങളിലൂടെ ചരിത്രത്തെ നയിക്കുന്ന ദൈവത്തിന്റെ പരിപാലന അവര്‍ക്ക് അനുഭവവേദ്യമായി. സീനായ്മലയില്‍ വച്ച് ദൈവം അവരുമായി ഉടമ്പടി ചെയ്തു: നിങ്ങള്‍ എന്റെ കല്‍പനകള്‍ അനുസരിച്ചാല്‍ ഞാന്‍ നിങ്ങളുടെ ദൈവവും നിങ്ങള്‍ എന്റെ ജനവുമായിരിക്കും. അവര്‍ സമ്മതിച്ചു. അന്നുമുതല്‍ അവര്‍ ദൈവജനമായിത്തീര്‍ന്നു. ആ ഉടമ്പടിയുടെ നിബന്ധനകളാണ് ദൈവം മോശവഴി അവര്‍ക്കു നല്‍കിയ പ്രമാണങ്ങള്‍.
    #3.കൂടാരവും വാഗ്ദാനപേടകവും
    അവരുടെ ഇടയില്‍ വസിക്കുന്നതിനു തനിക്ക് ഒരു കൂടാരവും അതില്‍ തനിക്ക് ഇരിപ്പിടമായി ഒരു സാക്ഷ്യപേടകവും നിര്‍മിക്കുന്നതിനു ദൈവം മോശയോടു കല്‍പിച്ചു. പേടകത്തില്‍ മോശ ഉടമ്പടിപ്പത്രിക നിക്‌ഷേപിച്ചു. പേടകത്തിന്റെ മുകളിലുള്ള കെരൂബുകളുടെ മധ്യേയാണ് ദൈവം ഉപവിഷ്ടനായിരിക്കുന്നത്. കൂടാരത്തെ മേഘം ആവരണം ചെയ്തിരുന്നു. കര്‍ത്താവിന്റെ സാന്നിധ്യം അതില്‍ നിറഞ്ഞുനിന്നു.
    #ഘടന
    1, 1-12, 36 - ഈജിപ്തിലെ അടിമത്തവും വിമോചനത്തിനുള്ള ഒരുക്കവും (അടിമത്തം 1, 1-22; മോശയുടെ ബാല്യകാലവും തിരഞ്ഞെടുപ്പും 2, 1-7, 13; പത്തു മഹാമാരികള്‍ 7, 14 - 11, 10; പെസഹാചരണവും വിമോചനവും 12, 1-36)
    12, 37-18, 27 - സീനായ് മലയിലേക്കുള്ളയാത്ര
    19, 1-24-18 - സീനായ് ഉടമ്പടി
    25, 1-40-38 - കൂടാരവും ആരാധനാവിധികളും Share on Facebook Share on Twitter Get this statement Link



© Thiruvachanam.in
Tue Mar 19 15:25:36 IST 2024
Back to Top