ദിനവൃത്താന്ത ഗ്രന്ഥങ്ങളിലെ ചരിത്രത്തിന്റെ തുടര്‍ച്ചയാണ് എസ്രാ - നെഹെമിയാ. ബി.സി. 538 -ല്‍ ബാബിലോണ്‍ സാമ്രാജ്യം പേര്‍ഷ്യാക്കാര്‍ക്കു കീഴടങ്ങി. പ്രവാസികളായ യഹൂദര്‍ക്ക് ജറുസലെമിലേക്കു തിരിച്ചു പോകുന്നതിനും അവിടെച്ചെന്നു ദേവാലയം വീണ്ടും നിര്‍മിക്കുന്നതിനും അനുവദിക്കുന്ന വിളംബരം പേര്‍ഷ്യന്‍ രാജാവായ സൈറസ് പുറപ്പെടുവിച്ചു. തിരിച്ചുപോയ ആദ്യ ഗണം പ്രവാസികള്‍ ബി.സി. 515 -ല്‍ ദേവാലയം പണിതീര്‍ത്തു പ്രതിഷ്ഠിച്ചു. ദേവാലയം നിര്‍മിക്കുന്നതിനും ജറുസലെമിന്റെ മതിലുകളുടെ പണി പൂര്‍ത്തിയാക്കുന്നതിനും സമരിയാക്കാരില്‍ നിന്നുണ്ടായ വളരെയേറെ പ്രതിബന്ധങ്ങള്‍ അവര്‍ക്കു തരണം ചെയ്യേണ്ടിയിരുന്നു. പേര്‍ഷ്യന്‍ രാജാവായ അര്‍ത്താക്‌സെര്‍ക്‌സസിന്റെ കൊട്ടാരത്തില്‍ യഹൂദരുടെ കാര്യങ്ങള്‍ അന്വേഷിക്കുന്നതിനു നിയുക്തനായിരുന്ന നിയമജ്ഞനായ എസ്രാ, മോശയുടെ നിയമം പ്രാബല്യത്തില്‍ വരുത്തുന്നതിനുള്ള ആധികാരിക രേഖകളോടെ രണ്ടാമതൊരു ഗണം പ്രവാസികളോടൊത്തു ജറുസലെമിലെത്തുന്നു. അദ്‌ദേഹത്തിന്റെ പേരിലാണ് എസ്രാ ഗ്രന്ഥം അറിയപ്പെടുന്നത്. വിദേശികളുമായി വിവാഹബന്ധത്തിലേര്‍പ്പെട്ട യഹൂദര്‍ക്കെതിരേ അദ്‌ദേഹം കര്‍ശന നടപടികള്‍ സ്വീകരിച്ചു. അര്‍ത്താക്‌സെര്‍ക്‌സസിന്റെ പാനപാത്ര വാഹകനായിരുന്ന നെഹെമിയായും രാജാവിന്റെ അംഗീകാരത്തോടെ ജറുസലെമിലെത്തി. അതിന്റെ മതിലുകളുടെ പണി പൂര്‍ത്തിയാക്കി. നെഹെമിയാ രാജാവിന്റെ ഉന്നത സ്ഥാനപതിയായി നിയമിതനായി. എസ്രാ നിയമഗ്രന്ഥം ജനങ്ങളുടെ മുന്‍പാകെ വായിച്ചു. എസ്രായും നെഹെമിയായും മതനവീകരണ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കി. ബാബിലോണ്‍ പ്രവാസത്തിനു ശേഷമുള്ള യഹൂദരുടെ പുനരുദ്ധാരണത്തെപ്പറ്റിയുള്ള ഏറ്റവും പ്രധാനപ്പെട്ട രേഖകളാണ് ഈ ഗ്രന്ഥങ്ങള്‍. #ഘടന #എസ്രാ 1, 1 - 2, 70 : ആദ്യഗണം പ്രവാസികളുടെ തിരിച്ചുവരവ്(വിദേശികളുമായി വിവാഹബന്ധത്തിലേര്‍പ്പെട്ട യഹൂദര്‍ക്കെതിരേ കര്‍ശന നടപടി)3, 1 - 6, 22 : ദേവാലയ പുനര്‍നിര്‍മാണം.7, 1 - 10, 44 : എസ്രാ പ്രവാസികളുമായി തിരിച്ചുവരുന്നു. #നെഹെമിയാ 1, 1 - 2, 20 : നെഹെമിയാ ജറുസലെമില്‍ തിരിച്ചെത്തുന്നു.3, 1 - 7, 73 : ജറുസലെം മതില്‍ പണിയുന്നു.8, 1 - 10, 39 : എസ്രാ നിയമഗ്രന്ഥം വായിക്കുന്നു.ഉടമ്പടി നവീകരിക്കുന്നു.11, 1 - 13, 31 : നെഹെമിയായുടെ മറ്റു പ്രവര്‍ത്തനങ്ങള്‍.