6 : ദൈവം വീണ്ടും അരുളിച്ചെയ്തു: ജല മധ്യത്തില്‍ ഒരു വിതാനം ഉണ്ടാകട്ടെ, അതു ജലത്തെ രണ്ടായി തിരിക്കട്ടെ.
7 : ദൈവം വിതാനമുണ്ടാക്കുകയും അതിനു താഴെയുള്ള ജലത്തെ മുകളിലുള്ള ജലത്തില്‍നിന്നു വേര്‍തിരിക്കുകയും ചെയ്തു. അപ്രകാരം സംഭവിച്ചു.
8 : വിതാനത്തിന് അവിടുന്ന് ആകാശമെന്നു പേരിട്ടു. സന്ധ്യയായി, പ്രഭാതമായി - രണ്ടാം ദിവസം.
9 : ദൈവം വീണ്ടും അരുളിച്ചെയ്തു: ആകാശത്തിനു കീഴിലുള്ള വെള്ളമെല്ലാം ഒരിടത്ത് ഒരുമിച്ചുകൂടട്ടെ, കര പ്രത്യക്ഷപ്പെടട്ടെ. അങ്ങനെ സംഭവിച്ചു.
10 : കരയ്ക്കു ഭൂമിയെന്നും ഒരുമിച്ചുകൂടിയ ജലത്തിനു കടലെന്നും ദൈവം പേരിട്ടു. അതു നല്ലതെന്ന് അവിടുന്നു കണ്ടു.
11 : ദൈവം അരുളിച്ചെയ്തു: ഭൂമി എല്ലാത്തരം ഹരിതസസ്യങ്ങളും ധാന്യച്ചെടികളും വിത്തുള്‍ക്കൊള്ളുന്ന ഫലങ്ങള്‍ കായ്ക്കുന്ന വൃക്ഷങ്ങളും മുളപ്പിക്കട്ടെ. അങ്ങനെ സംഭവിച്ചു.
12 : ഭൂമി എല്ലാത്തരം ഹരിത സസ്യങ്ങളും ധാന്യച്ചെടികളും വിത്തുള്ള ഫലങ്ങളോടുകൂടിയ വൃക്ഷങ്ങളും മുളപ്പിച്ചു. അവനല്ലതെന്നു ദൈവം കണ്ടു.
13 : സന്ധ്യയായി, പ്രഭാതമായി - മൂന്നാം ദിവസം.
14 : ദൈവം വീണ്ടും അരുളിച്ചെയ്തു: രാവും പകലും വേര്‍തിരിക്കാന്‍ ആകാശവിതാനത്തില്‍ പ്രകാശങ്ങള്‍ ഉണ്ടാകട്ടെ. അവ ഋതുക്കളും ദിനങ്ങളും വര്‍ഷങ്ങളും കുറിക്കുന്ന അടയാളങ്ങളായിരിക്കട്ടെ.
15 : ഭൂമിയില്‍ പ്രകാശം ചൊരിയാന്‍വേണ്ടി അവ ആകാശവിതാനത്തില്‍ ദീപങ്ങളായി നില്‍ക്കട്ടെ. അങ്ങനെ സംഭവിച്ചു.
16 : ദൈവം രണ്ടു മഹാദീപങ്ങള്‍ സൃഷ്ടിച്ചു. പകലിനെ നയിക്കാന്‍ വലുത്, രാത്രിയെ നയിക്കാന്‍ ചെറുത്.
17 : നക്ഷത്രങ്ങളെയും അവിടുന്നു സൃഷ്ടിച്ചു.
18 : ഭൂമിയില്‍പ്രകാശം ചൊരിയാനും രാവിനെയും പകലിനെയും നിയന്ത്രിക്കാനും വെളിച്ചത്തെ ഇരുളില്‍നിന്നുവേര്‍തിരിക്കാനും ദൈവം അവയെ ആകാശവിതാനത്തില്‍ സ്ഥാപിച്ചു. അതു നല്ലതെന്നു ദൈവം കണ്ടു.
19 : സന്ധ്യയായി, പ്രഭാതമായി - നാലാം ദിവസം.
20 : ദൈവം വീണ്ടും അരുളിച്ചെയ്തു: വെള്ളം ജീവജാലങ്ങളെ പുറപ്പെടുവിക്കട്ടെ; പക്ഷികള്‍ ഭൂമിക്കു മീതേ ആകാശവിതാനത്തില്‍ പറക്കട്ടെ.
21 : അങ്ങനെ ദൈവം ഭീമാകാരങ്ങളായ ജലജന്തുക്കളെയും കടലില്‍ പറ്റംചേര്‍ന്നു ചരിക്കുന്ന സകലവിധ ജീവി കളെയും എല്ലാത്തരം പക്ഷികളെയും സൃഷ്ടിച്ചു. അവ നല്ലതെന്ന് അവിടുന്നു കണ്ടു.
22 : ദൈവം അവയെ ഇങ്ങനെ അനുഗ്രഹിച്ചു: സമൃദ്ധമായി പെരുകി കടലില്‍ നിറയുവിന്‍; പക്ഷികള്‍ ഭൂമിയില്‍ പെരുകട്ടെ.
23 : സന്ധ്യയായി, പ്രഭാതമായി - അഞ്ചാം ദിവസം.
24 : ദൈവം വീണ്ടും അരുളിച്ചെയ്തു : ഭൂമി എല്ലാത്തരം ജീവ ജാലങ്ങളെയും - കന്നുകാലികള്‍, ഇഴജന്തുക്കള്‍, കാട്ടുമൃഗങ്ങള്‍ എന്നിവയെ - പുറപ്പെടുവിക്കട്ടെ. അങ്ങനെ സംഭവിച്ചു.
25 : അങ്ങനെ ദൈവം എല്ലാ ഇനം കാട്ടുമൃഗങ്ങളെയും കന്നുകാലികളെയും ഇഴജന്തുക്കളെയും സൃഷ്ടിച്ചു. അവനല്ലതെന്ന് അവിടുന്നു കണ്ടു.
26 : ദൈവം വീണ്ടും അരുളിച്ചെയ്തു: നമുക്കു നമ്മുടെ ഛായയിലും സാദൃശ്യത്തിലുംമനുഷ്യനെ സൃഷ്ടിക്കാം. അവര്‍ക്കു കടലിലെ മത്‌സ്യങ്ങളുടെയും ആകാശത്തിലെ പറവകളുടെയും നാല്‍ക്കാലികളുടെയും ഭൂമി മുഴുവന്റെയും ഭൂമിയില്‍ ഇഴയുന്ന സര്‍വ ജീവികളുടെയും മേല്‍ ആധിപത്യം ഉണ്ടായിരിക്കട്ടെ.
27 : അങ്ങനെ ദൈവം തന്റെ ഛായയില്‍ മനുഷ്യനെ സൃഷ്ടിച്ചു. ദൈവത്തിന്റെ ഛായയില്‍ അവിടുന്ന് അവനെ സൃഷ്ടിച്ചു; സ്ത്രീയും പുരുഷനുമായി അവരെ സൃഷ്ടിച്ചു.
28 : ദൈവം അവരെ ഇങ്ങനെ അനുഗ്രഹിച്ചു: സന്താനപുഷ്ടിയുള്ളവരായി പെരുകുവിന്‍. ഭൂമിയില്‍ നിറഞ്ഞ് അതിനെ കീഴടക്കുവിന്‍. കടലിലെ മത്‌സ്യങ്ങളുടെയും ആകാശത്തിലെ പറവകളുടെയും ഭൂമിയില്‍ ചരിക്കുന്ന സകല ജീവികളുടെയും മേല്‍ നിങ്ങള്‍ക്ക് ആധിപത്യം ഉണ്ടായിരിക്കട്ടെ.
29 : ദൈവം അരുളിച്ചെയ്തു : ഭൂമുഖത്തുള്ള ധാന്യം വിളയുന്ന എല്ലാ ചെടികളും വിത്തുള്‍ക്കൊള്ളുന്ന പഴങ്ങള്‍ കായ്ക്കുന്ന എല്ലാ വൃക്ഷങ്ങളും ഞാന്‍ നിങ്ങള്‍ക്കു ഭക്ഷണത്തിനായി തരുന്നു,
30 : ഭൂമിയിലെ മൃഗങ്ങള്‍ക്കും ആകാശത്തിലെ എല്ലാ പറവകള്‍ക്കും ഇഴജന്തുക്കള്‍ക്കും - ജീവശ്വാസമുള്ള സകലതിനും - ആഹാരമായി ഹരിതസസ്യങ്ങള്‍ ഞാന്‍ നല്‍കിയിരിക്കുന്നു. അങ്ങനെ സംഭവിച്ചു.
31 : താന്‍ സൃഷ്ടിച്ചതെല്ലാം വളരെ നന്നായിരിക്കുന്നുവെന്നു ദൈവം കണ്ടു. സന്ധ്യയായി, പ്രഭാതമായി - ആറാം ദിവസം.