1 : ഏലിയുടെ സാന്നിധ്യത്തില്‍ ബാലനായ സാമുവല്‍ കര്‍ത്താവിനു ശുശ്രൂഷ ചെയ്തു പോന്നു. അക്കാലത്ത് കര്‍ത്താവിന്റെ അരുളപ്പാടു ചുരുക്കമായിട്ടേ ലഭിച്ചിരുന്നുള്ളു. ദര്‍ശനങ്ങള്‍ വിരളമായിരുന്നു.
2 : ഏലി ഒരു ദിവസം തന്റെ മുറിയില്‍ കിടക്കുകയായിരുന്നു. അവന് ഒന്നും കാണാന്‍ കഴിയാത്തവിധം കാഴ്ച മങ്ങിത്തുടങ്ങിയിരുന്നു.
3 : ദൈവത്തിന്റെ മുന്‍പിലെ ദീപം അണഞ്ഞിരുന്നില്ല. സാമുവല്‍ ദേവലായത്തില്‍ ദൈവത്തിന്റെ പേടകം സ്ഥിതിചെയ്യുന്നതിനരികേ കിടക്കുകയായിരുന്നു.
4 : അപ്പോള്‍ കര്‍ത്താവ് സാമുവലിനെ വിളിച്ചു:
5 : സാമുവല്‍! സാമുവല്‍! അവന്‍ വിളികേട്ടു: ഞാന്‍ ഇതാ! അവന്‍ ഏലിയുടെ അടുക്കലേക്കോടി, അങ്ങ് എന്നെ വിളിച്ചല്ലോ, ഞാനിതാ വന്നിരിക്കുന്നു എന്നു പറഞ്ഞു. ഏലി പറഞ്ഞു: ഞാന്‍ നിന്നെ വിളിച്ചില്ല; പോയിക്കിടന്നുകൊള്ളുക, അവന്‍ പോയിക്കിടന്നു.
6 : കര്‍ത്താവ് വീണ്ടും സാമുവലിനെ വിളിച്ചു: സാമുവല്‍! അവന്‍ എഴുന്നേറ്റ് ഏലിയുടെ അടുക്കലേക്കു ചെന്നു പറഞ്ഞു: അങ്ങെന്നെ വിളിച്ചല്ലോ, ഞാനിതാ വന്നിരിക്കുന്നു. ഏലി പറഞ്ഞു: മകനേ, നിന്നെ ഞാന്‍ വിളിച്ചില്ല. പോയിക്കിടന്നുകൊള്ളുക.
7 : കര്‍ത്താവാണ് വിളിച്ചതെന്നു സാമുവല്‍ അപ്പോഴും അറിഞ്ഞില്ല; കാരണം, അതുവരെ കര്‍ത്താവിന്റെ ശബ്ദം അവനു വെളിവാക്കപ്പെട്ടിരുന്നില്ല.
8 : മൂന്നാമതും കര്‍ത്താവ് സാമുവലിനെ വിളിച്ചു. അവന്‍ എഴുന്നേറ്റ് ഏലിയുടെ അടുത്തു ചെന്നു പറഞ്ഞു: അങ്ങ് എന്നെ വിളിച്ചല്ലോ, ഞാനിതാ വന്നിരിക്കുന്നു. കര്‍ത്താവാണ് ബാലനെ വിളിച്ചതെന്ന് അപ്പോള്‍ ഏലിക്ക് മനസ്‌സിലായി.
9 : അതിനാല്‍, ഏലി സാമുവലിനോടു പറഞ്ഞു: പോയിക്കിടന്നുകൊള്ളുക. ഇനി നിന്നെ വിളിച്ചാല്‍, കര്‍ത്താവേ, അരുളിച്ചെയ്താലും, അങ്ങയുടെ ദാസന്‍ ഇതാ ശ്രവിക്കുന്നു എന്നുപറയണം. സാമുവല്‍ പോയി കിടന്നു.
11 : കര്‍ത്താവ് അവനോടു പറഞ്ഞു: ഇസ്രായേല്‍ ജനതയോടു ഞാന്‍ ഒരു കാര്യം ചെയ്യാന്‍ പോകുകയാണ്. അതു കേള്‍ക്കുന്നവന്റെ ഇരുചെവികളും തരിച്ചുപോകും.
12 : ഏലിയുടെ കുടുംബത്തിനെതിരായി ഞാന്‍ പറഞ്ഞിട്ടുള്ളതെല്ലാം അന്നു ഞാന്‍ ആദ്യന്തം നിര്‍വഹിക്കും.
13 : മക്കള്‍ ദൈവദൂഷണം പറയുന്ന കാര്യം അറിഞ്ഞിട്ടും അവരെ തടയാഞ്ഞതുമൂലം ഞാന്‍ അവന്റെ കുടുംബത്തിന്റെ മേല്‍ എന്നേക്കുമായി ശിക്ഷാവിധി നടത്താന്‍ പോവുകയാണെന്ന് ഞാന്‍ പറയുന്നു.
14 : ഏലിക്കുടുംബത്തിന്റെ പാപത്തിനു ബലികളും കാഴ്ചകളും ഒരിക്കലും പരിഹാരമാവുകയില്ലെന്നു ഞാന്‍ ശപഥംചെയ്യുന്നു.
15 : പ്രഭാതം വരെ സാമുവല്‍ കിടന്നു. അനന്തരം, അവന്‍ കര്‍ത്താവിന്റെ ആലയത്തിന്റെ വാതിലുകള്‍ തുറന്നു. തനിക്കുണ്ടായ ദര്‍ശനം ഏലിയോടു പറയാന്‍ അവന്‍ ഭയപ്പെട്ടു.
16 : അപ്പോള്‍ ഏലി മകനേ, സാമുവല്‍! എന്നു വിളിച്ചു. ഞാനിതാ എന്ന് അവന്‍ വിളി കേട്ടു.
17 : ഏലി ചോദിച്ചു: അവിടുന്ന് എന്താണ് നിന്നോടു പറഞ്ഞത്? എന്നില്‍ നിന്നു മറച്ചുവയ്ക്കരുത്. അവിടുന്നു പറഞ്ഞതിലെന്തെങ്കിലും എന്നില്‍നിന്നു മറച്ചുവച്ചാല്‍ ദൈവം നിന്നെ കഠിനമായി ശിക്ഷിക്കട്ടെ!
18 : സാമുവല്‍ ഒന്നും മറച്ചുവയ്ക്കാതെ എല്ലാം അവനോടു പറഞ്ഞു. അപ്പോള്‍ ഏലി അതു കര്‍ത്താവാണ്, അവിടുത്തേക്കുയുക്തമെന്നു തോന്നുന്നത് പ്രവര്‍ത്തിക്കട്ടെ എന്നു പറഞ്ഞു.
19 : സാമുവല്‍ വളര്‍ന്നുവന്നു. കര്‍ത്താവ് അവനോടു കൂടെ ഉണ്ടായിരുന്നു. അവന്റെ വാക്കുകളിലൊന്നും വ്യര്‍ഥമാകാന്‍ അവിടുന്ന് ഇടവരുത്തിയില്ല.
20 : സാമുവല്‍ കര്‍ത്താവിന്റെ പ്രവാചകനായിത്തീര്‍ന്നിരിക്കുന്നു എന്ന് ദാന്‍മുതല്‍ ബേര്‍ഷെബ വരെയുള്ള ഇസ്രായേല്‍ജനം മുഴുവനും അറിഞ്ഞു.